മാസപ്പടി കേസിൽ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു… ഒന്നാം പ്രതി…

സിഎംആർഎൽ – എക്സാലോജിക് മാസപ്പടി വിവാദത്തിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന നിർണായക വഴിതിരിവ്. കേസിൽ വിജിലൻസ് ഔദ്യോഗികമായി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസെടുത്തിരിക്കുന്നത്.
രണ്ട് വ്യത്യസ്ത എഫ്‌ഐആറുകളാണ് ഈ കേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അഴിമതി നിരോധന നിയമപ്രകാരമുള്ള ആദ്യ കേസിൽ പിണറായി വിജയൻ ഒന്നാം പ്രതിയും, മകൾ വീണ ടി. രണ്ടാം പ്രതിയുമാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള രണ്ടാമത്തെ കേസിൽ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും ടി. വീണ രണ്ടാം പ്രതിയുമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിജിലൻസ് കേസെടുത്ത പശ്ചാത്തലത്തിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) ഉടൻ തന്നെ ഇസിഐആർ (ECIR) രജിസ്റ്റർ ചെയ്ത് അന്വേഷണത്തിലേക്ക് കടക്കുമെന്നാണ് സൂചന. വിജിലൻസ് നടപടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ രംഗത്തെത്തി.
പിണറായി വിജയനെ പ്രതിയാക്കി അന്വേഷിച്ചാൽ മാത്രമേ അഴിമതിയുടെ യാഥാർത്ഥ്യം പുറത്തുവരൂ എന്ന് മൂന്ന് വർഷം മുൻപ് തങ്ങൾ വ്യക്തമാക്കിയതാണെന്നും, പിണറായി വിജയനും കുടുംബവും വലിയ കൊള്ളയാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, സർക്കാർ ഒടുവിൽ എഫ്‌ഐആർ ഇടാൻ നിർബന്ധിതരാവുകയായിരുന്നുവെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് പ്രതികരിച്ചു. അന്വേഷണത്തിന്റെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും, ഏതെങ്കിലും തരത്തിലുള്ള ഒത്തുകളി ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായി ഇടപെടമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



