സുഹൃത്തിനെ അന്വേഷിച്ചെത്തി 15കാരനെ തട്ടിക്കൊണ്ടുപോയി… ബ്ലേഡ് കൊണ്ട്…

കൊച്ചി: ആലുവ കുന്നത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന 15 വയസ്സുകാരനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാക്കനാട് വികാസവാണി ഭാഗത്ത് വെളുത്തേടത്ത് പറമ്പിൽ മുൻസിർ (21), ആലുവ മുച്ചംകുളം ചിറമേൽ പറമ്പിൽ ഷാജഹാൻ (23) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ സി.ഐ. പി.എം. ഷെമീറിന്റെ നേതൃത്വത്തിലായിരുന്നു നടപടി. പ്രതികളിലൊരാളും 15കാരന്റെ സുഹൃത്തും തമ്മിൽ ശത്രുതയിലായിരുന്നുവെന്നാണ് വിവരം.

സുഹൃത്തിനെ അന്വേഷിച്ചാണ് പ്രതികൾ ശനിയാഴ്ച ഉച്ചയ്ക്ക് കുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് കുട്ടിയെ ബൈക്കിൽ കയറ്റി സംഘം കൊണ്ടുപോവുകയായിരുന്നു. പെരിങ്ങാലയിലെ ഒരു വീട്ടിലെത്തിച്ച കുട്ടിയെ പ്രതികൾ ആക്രമിച്ചെന്നാണ് പരാതി. ബ്ലേഡ് ഉപയോഗിച്ച് കുട്ടിയുടെ ശരീരത്തിൽ മുറിവേൽപ്പിച്ചതായും പരാതിയുണ്ട്. കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ ആലുവ പൊലീസിൽ പരാതി നൽകി. പൊലീസ് ഉടൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അമ്മ പരാതി നൽകിയെന്നറിഞ്ഞതോടെ കുട്ടിയെ കങ്ങരപ്പടിയിലെ ബസ് സ്റ്റോപ്പിന് സമീപം ഇറക്കിവിട്ടെന്നാണ് വിവരം. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Related Articles

Back to top button