നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം… മൃതദേഹം പുറത്തെടുത്ത്…

തൃശൂർ: ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ ഉത്തരവ്. തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് അനുമതി നൽകിയത്. 2021 ജനുവരി 10നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം-മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ചത്. തുടർന്ന് പോസ്റ്റുമോർട്ടം നടത്താതെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു.
ഏഴാമത്തെ പ്രസവത്തിന് പിന്നാലെ 2026 മാർച്ച് 20ന് മുഹ്സിനയും മരിച്ചിരുന്നു. ഭർത്താവ് മതിയായ ചികിത്സ നൽകാതിരുന്നതാണ് മുഹ്സിനയുടെ മരണത്തിന് കാരണമെന്നാരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുഞ്ഞിന്റെ മരണത്തിലും കൂടുതൽ അന്വേഷണം നടത്താൻ ചാവക്കാട് പൊലീസ് നടപടി സ്വീകരിച്ചത്. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ ചാവക്കാട് സബ് ഇൻസ്പെക്ടർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് അപേക്ഷ നൽകുകയായിരുന്നു. കോടതി അനുമതി ലഭിച്ചതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള തുടർനടപടികൾ പൊലീസ് സ്വീകരിക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കുഞ്ഞിന്റെ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ഉണ്ടാകൂ.



