‘റിയാസ് സുഹൃത്ത് മാത്രം’…. മാസപ്പടി കേസിൽ ഹസൻ വാരിസിന്റെ മൊഴിയെടുത്ത് എസ്‌ഐടി

തിരുവനന്തപുരം: മാസപ്പടി കേസിൽ പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തി. റിയാസുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും റിയാസ് സുഹൃത്ത് മാത്രമാണെന്നും ഹസൻ വാരിസ് മൊഴി നൽകിയതായാണ് വിവരം. ഇ.ഡി. ഭീഷണിപ്പെടുത്തിയാണ് നേരത്തെ മൊഴി രേഖപ്പെടുത്തിയതെന്നാണ് ഹസൻ വാരിസിന്റെ ആരോപണം. മകളെ കേസിൽ കുടുക്കുമെന്ന് ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും ഇതേത്തുടർന്നാണ് റിയാസിനെതിരായ മൊഴി നൽകിയതെന്നും ആരോപിച്ച് വാരിസ് സത്യവാങ്മൂലം നൽകിയിരുന്നു.

എന്നാൽ ഹസൻ വാരിസ് നൽകിയ പുതിയ സത്യവാങ്മൂലം മുഖവിലയ്‌ക്കെടുക്കില്ലെന്നാണ് ഇഡിയുടെ നിലപാട്. അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും കേന്ദ്ര ഏജൻസി വിലയിരുത്തുന്നു. ചോദ്യം ചെയ്യലിൽ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും പരാതിയുണ്ടെങ്കിൽ പൊലീസിനെ സമീപിക്കേണ്ടിയിരുന്നുവെന്നും ഇഡി വ്യക്തമാക്കി. മുഹമ്മദ് റിയാസ് സുഹൃത്തുക്കളുടെ സഹായത്തോടെ പണം ഹവാല ഇടപാടുകളിലൂടെ വിദേശത്തേക്ക് കൈമാറിയെന്നായിരുന്നു ഇഡിയുടെ അന്വേഷണത്തിലെ ആരോപണം. ഓഗസ്റ്റ് 18ന് ഹസൻ വാരിസിന്റെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. പിന്നീട് ഈ മൊഴി പിൻവലിക്കുന്നതായി വാരിസ് സത്യവാങ്മൂലം നൽകുകയായിരുന്നു. ഇതിനിടെ മാസപ്പടി കേസുമായി ബന്ധപ്പെട്ട് റിയാസിന്റെ സുഹൃത്തുക്കളായ ഹസൻ വാരിസിനും നിഖിലിനും എസ്‌ഐടി നോട്ടീസ് നൽകിയിരുന്നു. ഇഡി കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നത്.

Related Articles

Back to top button