30 കോടിയുടെ ആ കോടീശ്വരൻ കണ്ണൂരിലുണ്ട്…. സമ്മാനത്തുക കൈപ്പറ്റി ഭാഗ്യശാലി….

തിരുവനന്തപുരം: ഓണം ബമ്പറിന്റെ 30 കോടി രൂപ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി ടിക്കറ്റ് നൽകി സമ്മാനത്തുക കൈപ്പറ്റി. എന്നാൽ കോടീശ്വരനായ ഭാഗ്യശാലി ആരെന്ന വിവരം ഇപ്പോഴും അജ്ഞാതം. പേര് വെളിപ്പെടുത്താൻ ജേതാവ് തയ്യാറാകാത്തതിനാൽ ലോട്ടറി വകുപ്പിനും വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നാണ് വിവരം. കണ്ണൂരിലെ തളിപ്പറമ്പിൽ വിറ്റ TL 360615 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചത്.
വലിയ തുകയുടെ ലോട്ടറി സമ്മാനം ലഭിച്ചവർക്ക് പിന്നാലെ പല ആവശ്യങ്ങളുമായി നിരവധി പേർ എത്തുന്ന അനുഭവങ്ങൾ മുൻപ് ബമ്പർ ജേതാക്കൾ പങ്കുവെച്ചിട്ടുണ്ട്. ഇതാകാം ഭാഗ്യശാലി തന്റെ വ്യക്തിവിവരങ്ങൾ പുറത്തുവിടാതിരിക്കാൻ കാരണമെന്നാണ് നിഗമനം. 30 കോടി രൂപയുടെ ഒന്നാം സമ്മാനത്തിൽ നികുതിയും സെസും ഏജന്റ് കമ്മിഷനും ഉൾപ്പെടെയുള്ള കിഴിവുകൾക്ക് ശേഷം 16.47 കോടി രൂപയാണ് ജേതാവിന് ലഭിച്ചത്. സമ്മാനത്തുകയിൽ നിന്ന് 10 ശതമാനം ഏജന്റ് കമ്മിഷനായി നൽകും. കൂടാതെ 30 ശതമാനം ആദായനികുതിയും 25 ശതമാനം സർചാർജും 4 ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസും ഈടാക്കും. 30 കോടി രൂപയുടെ സമ്മാനം സ്വന്തമാക്കിയെങ്കിലും ഭാഗ്യശാലി ആരാണെന്ന ആകാംക്ഷയ്ക്ക് മാത്രം ഇപ്പോഴും ഉത്തരമായിട്ടില്ല. സമ്മാനത്തുക കൈപ്പറ്റിയതോടെ കോടീശ്വരന്റെ അജ്ഞാത ജീവിതം തുടരുകയാണ്.



