മുഖ്യമന്ത്രിക്കെതിരെ ഖർഗെയ്ക്ക് പരാതി നൽകി… യുഡിഎഫിൽ കൂടിയാലോചനയില്ലെന്ന്…

ഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് രേഖാമൂലം പരാതി നൽകി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. യുഡിഎഫിലെ പ്രധാന തീരുമാനങ്ങളിൽ മതിയായ കൂടിയാലോചന നടക്കുന്നില്ലെന്നാണ് അടൂർ പ്രകാശിന്റെ പരാതി. ഖർഗെയെ നേരിൽ കണ്ടാണ് പരാതി കൈമാറിയത്. പരാതി ഉന്നയിച്ചോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘യെസ്’ എന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി. ദീപ ദാസ് മുൻഷിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

നാളെ രാഹുൽ ഗാന്ധിയെയും കാണാനാണ് അടൂർ പ്രകാശിന്റെ നീക്കം. ഡൽഹിയിലെ ഇന്ദിരാഭവനിലായിരുന്നു കൂടിക്കാഴ്ചകൾ. യുഡിഎഫ് കൺവീനറായ തന്നെ അറിയിക്കാതെയാണ് ചില പ്രധാന തീരുമാനങ്ങൾ എടുത്തതെന്നാണ് അടൂർ പ്രകാശിന്റെ പ്രധാന ആക്ഷേപം. എം.കെ. മുനീറിനെ അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മിഷൻ ചെയർമാനാക്കിയതും ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനെ ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയാക്കിയതും മുന്നണിയിൽ ചർച്ച ചെയ്തില്ലെന്നാണ് ആരോപണം. സർക്കാർ തീരുമാനങ്ങളിൽ പലതും മാധ്യമങ്ങളിലൂടെയാണ് താൻ അറിയുന്നതെന്നും അടൂർ പ്രകാശ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ, അടൂർ പ്രകാശിന്റെ ഡൽഹിയിലെ വസതിയിൽ മന്ത്രി അനൂപ് ജേക്കബ് എത്തി. സൗഹൃദ സന്ദർശനം മാത്രമാണെന്നാണ് അനൂപ് ജേക്കബിന്റെ വിശദീകരണം.

അതേസമയം, ആരെയും കുറിച്ച് പരാതി പറയാനല്ല താൻ ഡൽഹിയിലെത്തിയതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. അടൂർ പ്രകാശിന്റെ പരാതി എഐസിസി നേതൃത്വം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്ന അഭിപ്രായം തനിക്കില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. പരസ്യപ്രതികരണങ്ങൾ ദോഷം ചെയ്യുമെന്ന കാര്യം ഹൈക്കമാൻഡിന് പ്രത്യേകം അറിയിക്കേണ്ടതില്ലെന്നും ഇക്കാര്യത്തിൽ എഐസിസിക്ക് കൃത്യമായ ധാരണയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. കെ.സി. വേണുഗോപാൽ തന്നെ പരസ്യപ്രതികരണം ഒഴിവാക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button