ഇടിമിന്നലിൽ വീടുകൾക്ക് കനത്ത നാശനഷ്ടം… പത്തോളം വീടുകളിൽ…

എറണാകുളം: ഇടിമിന്നലേറ്റ് എറണാകുളം വെങ്ങോല പഞ്ചായത്തിലെ പാലായ്ക്കുന്ന് ഭാഗത്ത് നിരവധി വീടുകൾക്ക് കനത്ത നാശനഷ്ടം. ഏകദേശം പത്തോളം വീടുകളിലാണ് ഇടിമിന്നലിൽ നാശനഷ്ടമുണ്ടായത്. വീട്ടുപകരണങ്ങളും വൈദ്യുതി വയറിങ്ങും കത്തിനശിച്ചു. ചില കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അമ്പാട്ട് സാറാമ്മ വർഗീസിന്റെ വീട്ടിലെ വൈദ്യുതി വയറിങ് പൂർണമായും കത്തിനശിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചു. വീടിന്റെ മുറ്റത്തെ ടൈലുകൾ പൊട്ടിത്തെറിച്ച് സമീപത്തെ വീടുകളിലേക്ക് തെറിച്ചുവീണു.
അതിനിടെ, സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾ ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. ഒക്ടോബർ 9 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ 7 മുതൽ 9 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.



