പിഎം ശ്രീ പദ്ധതിയിൽ നിന്ന് വിദ്യാഭ്യാസ വകുപ്പിന്റെ മലക്കംമറിച്ചിൽ… പദ്ധതിയുമായി…

തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ വിവാദങ്ങൾക്കിടയാക്കിയ പിഎം ശ്രീ (PM SHRI) പദ്ധതിയുമായി തൽക്കാലം മുന്നോട്ടുപോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മുസ്ലീം ലീഗിന്റെ ഭാഗത്തുനിന്നും കടുത്ത എതിർപ്പുകൾ ഉയർന്നു വന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ പിന്മാറ്റം. ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഉപസമിതിയുടെ യോഗം ഉടൻ ചേരില്ലെന്നും സൂചനയുണ്ട്. വിഷയം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഇതിനോടകം മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിനെതിരെ യൂത്ത് ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നത്.
അതിനിടയിൽ, പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും വീണ്ടും കത്തുവന്നിരുന്നു. പദ്ധതിയുടെ ഭാഗമായി തുടരണമെന്നും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്. കേരളം ഇതിനകം തന്നെ പദ്ധതിയുടെ ധാരണപത്രത്തിൽ ഒപ്പിട്ടിട്ടുണ്ടെന്നും, ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കി വിദ്യാർത്ഥികളുടെ താല്പര്യം സംരക്ഷിക്കണമെന്നും കത്തിൽ ഓർമ്മിപ്പിച്ചിരുന്നു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കേന്ദ്രം അയക്കുന്ന രണ്ടാമത്തെ കത്താണിത്. എങ്കിലും, രാഷ്ട്രീയ സമ്മർദ്ദങ്ങളും ഘടകകക്ഷികളുടെ വിയോജിപ്പും കണക്കിലെടുത്ത് നിലവിൽ പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.



