മാത്തോട്ടം വനശ്രീയിൽ 20 പെരുമ്പാമ്പുകളെ ചത്തനിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വനംവകുപ്പിന്റെ ദ്രുതകർമസേന (ആർ.ആർ.ടി.) പിടികൂടി മാത്തോട്ടം വനശ്രീയിൽ എത്തിച്ച 20 പെരുമ്പാമ്പുകളെ ചത്തനിലയിൽ കണ്ടെത്തി. വനശ്രീ വളപ്പിലെ ഇൻസ്പെക്ഷൻ ബംഗ്ലാവിനോട് ചേർന്നുള്ള കിണറ്റിലാണ് പാമ്പുകളെ സൂക്ഷിച്ചിരുന്നത്. സെപ്റ്റംബർ 30ന് പുഴുവരിച്ച നിലയിലാണ് പാമ്പുകളെ പുറത്തെടുത്തതെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തയ്യാറാക്കിയ മഹസറിൽ പറയുന്നു.
കിണറ്റിൽനിന്ന് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് വാച്ചർമാരും ആർ.ആർ.ടി. സംഘങ്ങളും നടത്തിയ പരിശോധനയിലാണ് പാമ്പുകളെ ചത്തനിലയിൽ കണ്ടെത്തിയത്. പുഴുവരിച്ച പെരുമ്പാമ്പുകളുടെ ജഡങ്ങൾക്ക് മുകളിൽനിന്ന് 43 ജീവനുള്ള പെരുമ്പാമ്പുകളെയും പുറത്തെടുത്തു. ഇവയുടെ ഭാരം താങ്ങാനാകാതെയാണ് താഴെയുണ്ടായിരുന്ന പാമ്പുകൾ ചത്തതെന്നും മഹസറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചത്ത പാമ്പുകൾക്ക് ഏകദേശം അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും മഹസറിൽ പറയുന്നു. അതേസമയം, പെരുമ്പാമ്പുകളെ രണ്ടാഴ്ചയോളം അശ്രദ്ധമായി കിണറ്റിൽ കൂട്ടിയിട്ടതാണ് മരണത്തിന് കാരണമായതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. പിടികൂടുന്ന പാമ്പുകളെ അശാസ്ത്രീയമായാണ് കിണറ്റിൽ നിക്ഷേപിക്കുന്നതെന്നും ആക്ഷേപമുണ്ട്. കിണറിന്റെ ഏറ്റവും അടിയിൽ കിടന്ന പാമ്പുകളാണ് ചത്തതെന്നാണ് വിവരം.
പെരുമ്പാമ്പുകൾ വനംവകുപ്പ് ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തിയിട്ടുള്ള ജീവികളാണ്. ചെറിയ റിങ് കിണറിന് സമാനമായ ഈ കിണറിന് ഏകദേശം അഞ്ച് അടി ആഴമാണുള്ളത്. താമരശ്ശേരി റേഞ്ചിന് കീഴിലുള്ള ആർ.ആർ.ടി. സംഘങ്ങൾ സാധാരണയായി ഓരോ ആഴ്ചയിലും കിണറ്റിൽനിന്ന് പാമ്പുകളെ പുറത്തെടുത്ത് കാട്ടിൽ വിടാറുണ്ട്. ഇത്തവണ രണ്ടാഴ്ചയോളം പാമ്പുകളെ കിണറ്റിൽനിന്ന് മാറ്റിയില്ലെന്ന ആരോപണമാണ് ഉയരുന്നത്. വിഷപ്പാമ്പുകളെയും വിഷമില്ലാത്ത പാമ്പുകളെയും സൂക്ഷിക്കുന്നതിനായി സമാനമായ കുഴികളും ഇവിടെയുണ്ടെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ പരിശോധന ആവശ്യമാണ്.




