ലിയോണല്‍ മെസ്സി വാഗ്ദാനം: തട്ടിപ്പില്‍ മുന്‍ മന്ത്രി വി. അബ്ദുറഹിമാനെ….

തിരുവനന്തപുരം: ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ കോളിളക്കം സൃഷ്ടിച്ച തട്ടിപ്പുകേസില്‍, മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ കടുത്ത നടപടിക്ക് സാധ്യത. മുന്‍ മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) വിലയിരുത്തല്‍. കേസില്‍ അദ്ദേഹത്തെ പ്രതി ചേര്‍ത്തേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
സ്പോണ്സര്ക്ക് അന്യായമായ ലാഭം ഉണ്ടാക്കാന്‍ മുന്‍ മന്ത്രി സഹായിച്ചുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. മുന്‍ മന്ത്രിയുടെ ഓഫീസില്‍ നിന്ന് വഴിവിട്ട ഇടപെടലുകള്‍ ഉണ്ടായതായും അന്വേഷണ സംഘം വിലയിരുത്തുന്നു. അബ്ദുറഹിമാന്റെ മൊഴി ഇതിനോടകം അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയും മറ്റ് രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും പ്രതി ചേര്‍ക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുക. ടെന്‍ഡറില്ലാതെ ‘റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ’ സ്പോണ്‍സറായി തിരഞ്ഞെടുത്തത്, മുന്‍ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ദുരൂഹമായ കത്തിടപാടുകള്‍, അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചകള്‍ക്കായുള്ള വിദേശയാത്രകള്‍ എന്നിങ്ങനെയാണ് അന്വേഷണ പരിധിയിലുള്ള പ്രധാന വിഷയങ്ങള്‍.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും മലപ്പുറത്തെത്തിയ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്കിയ ശേഷമാണ് ഔദ്യോഗികമായി മുന്‍ മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയത്. കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഡിജിപിക്ക് കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം. വഴിവിട്ട സഹായം നല്‍കിയതില്‍ മറ്റാര്‍ക്കൊക്കെ പങ്കുണ്ട്, ഇതിനു പിന്നിലെ സാമ്പത്തിക ഇടപാടുകള്‍ എന്തൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് തുടര്‍ അന്വേഷണത്തിലൂടെ കണ്ടെത്തുക.



