SFIക്ക് കാവലാളായി DYFI ഉണ്ടാകും… ആക്രമണങ്ങളെ തെരുവിൽ പ്രതിരോധിക്കുമെന്ന്….

കണ്ണൂർ: പൊലീസിനെയും യൂത്ത് കോൺഗ്രസിനെയും തെരുവിൽ നേരിടുമെന്ന് പരസ്യ വെല്ലുവിളിയുമായി ഡിവൈഎഫ്ഐ (DYFI) നേതാക്കൾ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് എം. വിജിനും ചിന്ത ജെറോമും കോൺഗ്രസിനും പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

എസ്എഫ്ഐയെ ആക്രമിച്ചാൽ ഡിവൈഎഫ്ഐ കാവലാളായി ഒപ്പമുണ്ടാകുമെന്നും, മർദിക്കാനാണ് തീരുമാനമെങ്കിൽ തെരുവിൽ നേരിടുമെന്നും എം. വിജിൻ വ്യക്തമാക്കി. അക്രമത്തിന് തുടക്കമിട്ടത് യൂത്ത് കോൺഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്നലത്തെ അക്രമത്തിന് നേതൃത്വം നൽകിയത് ഒ.ജെ. ജനീഷും ഷാഫിയുമാണെന്നും വിജിൻ കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സംഘി ബോധത്തിലെത്തിയെന്നായിരുന്നു ചിന്ത ജെറോമിന്റെ ആരോപണം. ഒ.ജെ. ജനീഷ് ഇന്നലത്തെ പ്രതിഷേധത്തിൽ പങ്കെടുത്തത് മന്ത്രിയായിട്ടാണോ അതോ യൂത്ത് കോൺഗ്രസ് പ്രസിഡന്റായിട്ടാണോ എന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ വിഷയം വഴിതിരിച്ചുവിടാനാണ് ബിജെപിയുടെയും യുവമോർച്ചയുടെയും അജണ്ടയനുസരിച്ച് യൂത്ത് കോൺഗ്രസ് ഇന്നലെ ശ്രമം നടത്തിയതെന്നും ചിന്ത ജെറോം ആരോപിച്ചു.

ബിജെപിക്കെതിരെ സമരം ചെയ്യാനുള്ള നട്ടെല്ലില്ലാത്തതുകൊണ്ടാണ് കോൺഗ്രസ് സംഘടനകൾ എസ്എഫ്ഐക്കും ഡിവൈഎഫ്ഐക്കും എതിരെ തിരിയുന്നത്. യൂത്ത് കോൺഗ്രസും പൊലീസും ചേർന്ന് വിദ്യാർത്ഥികളുടെ തല തല്ലിപ്പൊളിക്കുകയാണെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ വിജയൻ ഐപിഎസ് ആരാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടും വിദ്യാർത്ഥികളെ ഇരയാക്കുകയാണെന്നും അവർ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 5 മണിക്ക് മേഖലാ തലങ്ങളിൽ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.

Related Articles

Back to top button