കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ്സിന്‍റെ പരാക്രമം… ബസ് തടഞ്ഞ് യുവതി…

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസുകളുടെ നിയമലംഘനവും അക്രമവും വീണ്ടും ആവർത്തിക്കുന്നു. ഇടപ്പള്ളിയിൽ ഹോൺ മുഴക്കി അശ്രദ്ധമായി കടന്നുപോകാൻ ശ്രമിച്ച ‘വാഹ്ബിയ’ ബസ് ഇരുചക്ര വാഹന യാത്രികരെ ഇടിച്ചിട്ടു. ഇതിനെ ചോദ്യം ചെയ്ത യുവാവിന്റെ വാഹനത്തിന് മേൽ ബസ് വീണ്ടും മൂന്ന് തവണ ഇടിച്ചു കയറ്റിയെന്നാണ് പ്രധാന പരാതി.
അക്രമം രൂക്ഷമായതോടെ ഒപ്പമുണ്ടായിരുന്ന യുവതി വാഹനം തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് ബസ് ഡ്രൈവർ മുഹമ്മദ് റിയാസ് ഇരുചക്ര വാഹന യാത്രികരായ മുഹമ്മദ് റിസ്വാൻ, ആശ എന്നിവർക്കെതിരെ അസഭ്യം പറയുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്തുവെന്നും പരാതിയുണ്ട്. സംഭവത്തിൽ ബസ് ഡ്രൈവർ മുഹമ്മദ് റിയാസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഡ്രൈവറുടെ പരാതിയിൽ സ്കൂട്ടർ യാത്രക്കാരായ മുഹമ്മദ് റിസ്വാൻ, ആശ എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സ്വകാര്യ ബസ് യാത്രികരെ ഇടിച്ചിട്ടിട്ടും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ സഹായിച്ചില്ലെന്ന് സ്കൂട്ടർ യാത്രക്കാർ ആരോപിച്ചു. ബസ് സ്കൂട്ടറിനെ ഇടിച്ചിട്ടിട്ടും ട്രാഫിക് ഉദ്യോഗസ്ഥൻ തട്ടിക്കയറിയത് തങ്ങളോടാണെന്നാണ് യാത്രികരുടെ പരാതി.
എന്നാൽ റോഡിൽ ഗതാഗതക്കുരിക്ക് ഒഴിവാക്കാനാണ് ഇരുചക്ര വാഹന യാത്രികരെ റോഡിൽ നിന്ന് മാറ്റിയതെന്നാണ് ട്രാഫിക് പൊലീസിന്റെ വിശദീകരണം. കൊച്ചിയിൽ സ്വകാര്യ ബസുകളുടെ റോഡ് കൈയേറ്റവും അമിതവേഗതയും യാത്രക്കാരുടെ ജീവന് ഭീഷണിയാകുമ്പോൾ, പൊലീസിന്റെ നിസ്സംഗതയ്ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.



