തൃശൂരിൽ ആൺസുഹൃത്തുമൊത്ത് മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി….

തൃശൂർ: തൃശൂരിൽ ആൺസുഹൃത്തുമൊത്ത് സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത തിരുപ്പൂർ സ്വദേശിയായ യുവതിയെ വ്യാജ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത അഞ്ചംഗ ഗുണ്ടാസംഘത്തെ പൊലീസ് വിവിധയിടങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

തിരുപ്പൂർ സ്വദേശിയായ യുവാവും യുവതിയും തൃശൂരിലെത്തി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ലോഡ്ജിൽ മുറിയെടുത്തിരുന്നു. എന്നാൽ യുവാവിന്റെ ഭാര്യ ഇയാളുടെ ഫോൺ ലൊക്കേഷൻ കൃത്യമായി പിന്തുടർന്ന് ഒരു ക്വട്ടേഷൻ സംഘത്തിന് വിവരങ്ങൾ കൈമാറുകയായിരുന്നു. തുടർന്ന് പൊലീസ് ചമഞ്ഞെത്തിയ അഞ്ചംഗ സംഘം ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറി. ഇവരുടെ കയ്യും കാലും തുണികൊണ്ടു കെട്ടി വായിൽ തുണി തിരുകിയ ശേഷം കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തിരുപ്പൂരിലേക്കുള്ള മടക്കയാത്രയിലുടനീളം യുവാവിനെ ക്രൂരമായി മർദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റു കയ്യും കാലും ഒടിഞ്ഞ നിലയിലായ യുവാവിനെ തിരുപ്പൂരിനു സമീപമുള്ള ആശുപത്രിക്ക് മുന്നിൽ സംഘം തള്ളി. ഇതിനുശേഷം സംഘത്തിലെ രണ്ടുപേർ ചേർന്ന് യുവതിയെ മറ്റൊരു കാറിലേക്ക് മാറ്റി പീഡനത്തിനിരയാക്കുകയായിരുന്നു.

പരുക്കേറ്റ യുവതിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തൃശൂർ സിറ്റി പൊലീസിന് കൈമാറി. തുടർന്ന് തൃശൂർ സിറ്റി പൊലീസ് നടത്തിയ ഊർജിത അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. നെടുമ്പാശ്ശേരി എയർപോർട്ടിനു സമീപത്തുനിന്ന് പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തതാണ് അന്വേഷണത്തിൽ നിർണായകമായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ തിരുപ്പൂരിൽ നിന്നും ഒരാളെ പഴനിയിൽ നിന്നുമാണ് പിടികൂടിയത്.

Related Articles

Back to top button