അയ്യപ്പൻപാട്ട് ഉത്സവത്തിനിടെ തർക്കം… യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്…

പാലക്കാട്: അയ്യപ്പൻപാട്ട് ഉത്സവത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ എട്ടുപേർക്കെതിരെ കേസെടുത്തു. നെന്മാറ തേവർമണിയിൽ ഭഗവൽദാസിന്റെ മകൻ നീതുൽ ദാസിനെ മർദ്ദിച്ച സംഭവത്തിലാണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തത്. മുതലമട കാമ്പ്രത്ത്ചള്ളയിലെ അയ്യപ്പൻപാട്ട് ഉത്സവത്തിനിടെയാണ് സംഭവം. നീതുൽ ദാസിന്റെ സുഹൃത്ത് ആകാശും മർദ്ദിച്ച സംഘവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കാനായി നീതുൽ ദാസ് ഇടപെട്ടതാണ് മർദ്ദനത്തിന് കാരണമായതെന്നാണ് വിവരം.

രാത്രി 11 മണിയോടെ ഉത്സവസ്ഥലത്തുനിന്ന് നീതുൽ ദാസിനെ മുതലമട പരുത്തിക്കാടുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവാവിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മർദ്ദിച്ചവർ തന്നെയാണ് പിന്നീട് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് വീട്ടിലും എത്തിച്ചു. സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്. മർദ്ദനദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ പൊലീസ് നീതുൽ ദാസിന്റെ വീട്ടിലെത്തി മൊഴിയെടുത്തു. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. മർദ്ദിച്ചവരുടെ വിവരങ്ങൾ യുവാവ് പൊലീസിന് നൽകിയ മൊഴിയിലുണ്ടെന്നാണ് വിവരം. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കൂടുതൽ നടപടികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button