ആരോഗ്യം തളർന്നു, നിരാഹാരം അവസാനിപ്പിച്ചു…. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന്…

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി നിരാഹാരമിരുന്ന ഉദ്യോഗാർത്ഥി എം. ജയകൃഷ്ണൻ തലമുണ്ഡനം ചെയ്ത് സമരം ആരംഭിച്ചു. എന്നാൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പത്താം ദിവസം നിരാഹാര സമരം അവസാനിപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു. എസ്. വളർമതി നിരാഹാര സമരം തുടരുകയാണ്. ഉദ്യോഗാർത്ഥികളുടെ അനിശ്ചിതകാല സമരം 138-ാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് പ്രതിഷേധം കൂടുതൽ ശക്തമാക്കിയത്. സർക്കാർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ജയകൃഷ്ണൻ ആരോപിച്ചു. ചർച്ചയ്ക്ക് വഴിയൊരുക്കിയത് മുഖ്യമന്ത്രിയാണെങ്കിലും അതിന് തടസം നിന്നത് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ധനവകുപ്പാണെന്നാണ് ജയകൃഷ്ണന്റെ വിമർശനം. സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള കേവലം നാടകമാണ് ചർച്ചയെന്നും നിരാഹാരമിരിക്കുന്ന ഉദ്യോഗാർത്ഥികളോട് ഒരാഴ്ച സമയം ആവശ്യപ്പെടുന്നത് നീതികേടാണെന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രി ഇന്നും കരയുമോ എന്നറിയില്ല. അദ്ദേഹത്തിന് കരച്ചിൽ വരാതിരിക്കട്ടെ. മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല’ എന്നായിരുന്നു ജയകൃഷ്ണന്റെ പരിഹാസം. ആരോഗ്യപ്രശ്നങ്ങൾ കാരണം നിരാഹാരം അവസാനിപ്പിക്കുകയാണെങ്കിലും സമരത്തിൽനിന്ന് പിന്നോട്ടുപോകുകയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവൻ രക്ഷിക്കാൻ പോലും സർക്കാരിന് കഴിയുന്നില്ലെന്നും ജീവനു വിലയില്ലാത്ത സർക്കാരിന് മുന്നിൽ എന്തിനാണ് നിരാഹാരമിരിക്കുന്നത് എന്ന് ആളുകൾ ചോദിക്കുന്നുണ്ടെന്നും ജയകൃഷ്ണൻ കൂട്ടിച്ചേർത്തു. നിലവിൽ എം. ജയകൃഷ്ണൻ മാത്രമാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. എസ്. വളർമതി നിരാഹാരം തുടരുകയാണ്. ഉദ്യോഗാർത്ഥികളുടെ അനിശ്ചിതകാല സമരം സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുന്നു.

Back to top button