ശബരിമലയിൽ ഭക്തർക്ക് ആശ്വാസം… നവംബർ 30 വരെ ദിവസവും 5,000 പേർക്ക്…

പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി വർധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് അധികമായി വെർച്വൽ ക്യൂ ബുക്കിങ് അനുവദിക്കും. നവംബർ 21, 22 തീയതികളിൽ ആനുപാതികമായി സ്പോട്ട് ബുക്കിങ് പരിധിയും വർധിപ്പിക്കും. ദർശനത്തിനുള്ള സ്ലോട്ട് ബുക്ക് ചെയ്യാൻ കഴിയാത്ത ഭക്തർക്ക് പുതിയ തീരുമാനം ആശ്വാസമാകും. നിലവിൽ നിലയ്ക്കൽ–പമ്പ പാത വഴി പ്രതിദിനം 60,000 പേർക്കാണ് വെർച്വൽ ക്യൂ സൗകര്യം അനുവദിച്ചിരിക്കുന്നത്. എരുമേലി കാനനപാത, വണ്ടിപ്പെരിയാർ–സത്രം പാത എന്നിവ വഴി 3,000 പേർക്ക് വീതവും പ്രതിദിനം ഓൺലൈൻ ടിക്കറ്റ് ലഭിക്കും.
ബുക്ക് ചെയ്ത സമയത്തുതന്നെ തീർത്ഥാടകർ എത്തണമെന്നാണ് കർശന നിർദേശം. നിലയ്ക്കലിൽ പ്രതിദിനം 10,000 പേർക്കാണ് സ്പോട്ട് ബുക്കിങ് സൗകര്യം. എരുമേലിയിലും വണ്ടിപ്പെരിയാർ സത്രത്തിലും 2,000 പേർക്ക് വീതവും സ്പോട്ട് ബുക്കിങ്ങിലൂടെ ദർശനത്തിന് അവസരമുണ്ട്. സ്പോട്ട് ബുക്കിങ്ങിനായി ആധാർ കാർഡോ അതിന്റെ പകർപ്പോ കരുതണം. നിലവിലെ സാഹചര്യത്തിൽ സ്പോട്ട് ബുക്കിങ്ങിനെത്തുന്ന ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത എല്ലാവരും ദർശനത്തിന് എത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്. എന്നിരുന്നാലും നവംബർ 30 വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് ഇതിനകം പൂർത്തിയായിട്ടുണ്ട്. രാവിലെ 10.30 വരെയാണ് സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ പ്രവർത്തിക്കുക. അധിക സ്ലോട്ടുകൾ അനുവദിച്ചതോടെ കൂടുതൽ തീർത്ഥാടകർക്ക് ശബരിമല ദർശനത്തിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



