ഗവർണർ കുപ്പായമഴിച്ചു, വീണ്ടും അഭിഭാഷക വേഷത്തിൽ പി.എസ്. ശ്രീധരൻപിള്ള… ഷാൻ വധക്കേസ് പ്രതികൾക്കായി…

ആലപ്പുഴ: ഗവർണർ പദവി ഒഴിഞ്ഞതിന് പിന്നാലെ വീണ്ടും അഭിഭാഷകവൃത്തിയിലേക്ക് തിരിച്ചെത്തി ബിജെപി നേതാവ് പി.എസ്. ശ്രീധരൻപിള്ള. ആലപ്പുഴ സെഷൻസ് കോടതിയിൽ ഷാൻ വധക്കേസിലെ പ്രതികൾക്കുവേണ്ടിയാണ് അദ്ദേഹം ഹാജരായത്. ഗവർണർ പദവി ഒഴിഞ്ഞശേഷം അഭിഭാഷകവൃത്തിയിലേക്ക് മടങ്ങിയെത്തുന്ന രാജ്യത്തെ ആദ്യ വ്യക്തിയാണ് താനെന്ന് ശ്രീധരൻപിള്ള അവകാശപ്പെട്ടു. അഭിഭാഷകവൃത്തിയോടുള്ള ഇഷ്ടമാണ് വീണ്ടും പ്രൊഫഷനിലേക്ക് തിരിച്ചെത്താൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
നിയമരംഗത്ത് നാല് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള മുതിർന്ന അഭിഭാഷകനാണ് പി.എസ്. ശ്രീധരൻപിള്ള. കീഴ്ക്കോടതികൾ മുതൽ സുപ്രീംകോടതി വരെ നിരവധി പ്രമാദമായ കേസുകളിൽ അദ്ദേഹം ഹാജരായിട്ടുണ്ട്. കേരളത്തിൽ മാറിമാറി വന്ന സർക്കാരുകൾ പന്ത്രണ്ട് കേസുകളിൽ അദ്ദേഹത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കേരള ഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കൗൺസൽ, അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ, സിബിഐയുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസൽ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റായും ശ്രീധരൻപിള്ള സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗവർണർ പദവിയിലെ ഔദ്യോഗിക ജീവിതത്തിന് ശേഷം വീണ്ടും കോടതിയിലെത്തിയിരിക്കുകയാണ് അദ്ദേഹം.



