സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബി. വൈദ്യുതി ലഭ്യതയിൽ 565 മെഗാവാട്ടിന്റെ കുറവ് നേരിട്ടതോടെയാണ് നിയന്ത്രണത്തിന് സാധ്യതയുണ്ടായത്. തത്സമയ വൈദ്യുതി വിപണിയിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭിച്ചില്ലെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് കെഎസ്ഇബി അറിയിച്ചത്.വവൈദ്യുതി പ്രതിസന്ധി മറികടക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്. മധ്യപ്രദേശിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി രാത്രി 9 മണിക്ക് ശേഷമേ ലഭിക്കൂ. അതിനാൽ അതിന് മുമ്പുള്ള പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയാണ് പ്രധാന വെല്ലുവിളി.
അതേസമയം, ഡൽഹിയിൽ നിന്നും ഹരിയാനയിൽ നിന്നുമായി പീക്ക് സമയത്ത് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ അധിക വൈദ്യുതി ലഭിക്കുന്നതും തത്സമയ വിപണിയിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി വാങ്ങാൻ കഴിയുന്നതും അനുസരിച്ചായിരിക്കും ഇന്ന് നിയന്ത്രണം ഒഴിവാക്കാനാകുമോ എന്നത് വ്യക്തമാകുക.




