വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾ മരിച്ച സംഭവം… അമ്മ കസ്റ്റഡിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സഹോദരങ്ങളായ കുട്ടികളുടെ മരണം കൊലപാതകമെന്ന് പൊലീസ്. കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ സമ്മതിച്ചതായി ഡിവൈഎസ്പി ശശിധരൻ പറഞ്ഞു. ഭാവിയിലെ ജീവിതത്തിന് കുട്ടികൾ തടസമാകുമെന്ന് തോന്നിയതാണ് കൊലയ്ക്ക് കാരണമെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.

കുളിച്ചുകൊണ്ടിരുന്ന മൂത്ത കുട്ടിയെ ആദ്യം വെള്ളത്തിൽ മുക്കിക്കൊന്നശേഷം ഇളയ കുട്ടിയെയും മുക്കിക്കൊന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കൊലയ്ക്ക് മുൻപുള്ള സംഭവങ്ങൾ പരിശോധിച്ചതിലും കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്ന വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ജോൺ കുമാർ–നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ജെന്നിഫർ മേനോൻപാറ യു.പി. സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയായിരുന്നു.

കുട്ടികൾ കളിക്കുന്നതിനിടെ വെള്ളത്തൊട്ടിയിൽ വീണതാകാമെന്നായിരുന്നു സംഭവത്തിന് പിന്നാലെയുള്ള പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും വെള്ളത്തൊട്ടിയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിൽ ദുരൂഹത കണ്ടെത്തിയതും കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയതും.

Related Articles

Back to top button