കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ച സംഭവം… ബിജെപി പ്രവർത്തകൻ….

തിരുവനന്തപുരം: നെയ്യാറ്റിൻകര ആനാവൂരിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ. സുരേഷ് കുമാർ എന്നയാളെയാണ് വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഇന്നലെ രാത്രിയിലാണ് ആനാവൂർ പാലിയോട് ജംഗ്ഷനിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ തീകൊളുത്താൻ ശ്രമമുണ്ടായത്.
ഓഫീസും സമീപത്തുണ്ടായിരുന്ന ഫ്ലക്സ് ബോർഡുകളും തീപിടിച്ച് നശിച്ചു. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നെയ്യാറ്റിൻകരയിൽ മന്ത്രി ഒ.ജെ. ജനീഷിനെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ ബിജെപി-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനിടെ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജുവിന്റെ വാഹനം തടയുകയും കയ്യാങ്കളിയുണ്ടാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആനാവൂരിലെ കോൺഗ്രസ് ഓഫീസ് ആക്രമിക്കപ്പെട്ടത്. സംഭവത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. എന്നാൽ ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
തിരുവനന്തപുരത്തെ ഡിസിസി ഓഫീസിന് നേരെയും കല്ലേറുണ്ടായിട്ടുണ്ട്. ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ ബിജെപി നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കരിങ്കൊടി പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവങ്ങൾ. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.



