സെക്കൻഡ് ഹാൻഡ് കാർ വിൽപ്പനയുടെ മറവിൽ ലഹരിക്കച്ചവടം; 3.60 ലക്ഷം രൂപയുമായി സംഘത്തിലെ പ്രധാനി പിടിയിൽ

പഴയ കാറുകളുടെ വിൽപ്പന മറയാക്കി രാസലഹരി വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാനി 101.57 ഗ്രാം എംഡിഎംഎയും ലഹരിവിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 3.60 ലക്ഷം രൂപയുമായി പിടിയിൽ. പറപ്പൂർ പുഴച്ചാൽ കല്ലക്കയം റോഡിൽ ചിറയിൽ ദിൽരാജ് എന്ന ദിലു (38) ആണ് പൊലീസിന്റെ പിടിയിലായത്. മലപ്പുറം ഡാൻസാഫും വേങ്ങര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
മലപ്പുറം, കോട്ടക്കൽ, വേങ്ങര, കൂരിയാട്, ഇരിങ്ങല്ലൂർ തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ച് വ്യാപകമായി ലഹരിവിൽപ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ദിൽരാജെന്ന് പൊലീസ് പറഞ്ഞു. സെക്കൻഡ് ഹാൻഡ് കാറുകളുടെ വിൽപ്പനയുടെ മറവിൽ ലഹരിക്കച്ചവടം നടത്തുകയായിരുന്നു ഇയാളുടെ രീതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഒരാഴ്ച മുമ്പ് വള്ളുവമ്പ്രം ചീനിക്കലിൽനിന്ന് ദിൽരാജിന്റെ അമ്മാവൻ മനോജിനെയും സംഘത്തെയും 357 ഗ്രാം എംഡിഎംഎയുമായി മലപ്പുറം ഡാൻസാഫ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ തുടർ അന്വേഷണമാണ് ദിൽരാജിലേക്ക് എത്തിയത്. സംഘത്തിന്റെ ലഹരി ഇടപാടുകളെക്കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച പുലർച്ചെ പ്രത്യേക പരിശോധന നടത്തുകയായിരുന്നു.
ലഹരിവിൽപ്പനയുമായി ബന്ധപ്പെട്ട കേസിൽ ദിൽരാജ് നേരത്തേ വിദേശത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ജില്ലയിൽ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിവിൽപ്പന ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. മലപ്പുറം ഡിവൈഎസ്പി അനിൽ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി സുനിൽകുമാർ എന്നിവരുടെ നിർദേശപ്രകാരം വേങ്ങര എസ്എച്ച്ഒ മൻസൂറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്ഐ രഞ്ജിത്ത്, എഎസ്ഐ സംഗീത, സിപിഒ സനൽ, ഡാൻസാഫ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, പി. മുഹമ്മദ് സലീം, കെ.കെ. ജസീർ, വി.പി. ബിജു, ആർ. രഞ്ജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.




