‘ഞാൻ ഇരിക്കുന്നിടമാണ് വാഹനം’ എന്ന വാദം പൊളിയുന്നു… നിയമം അറിയില്ലെന്നത് ന്യായമല്ലെന്ന്…

കോഴിക്കോട്: സുഹൃത്തിന്റെ ആഡംബര കാർ ഔദ്യോഗിക വാഹനമായി ഉപയോഗിച്ചതിലെ ന്യായീകരണത്തിൽ മന്ത്രി കെ.എം. ഷാജി വെട്ടില്. മന്ത്രിവാഹനം ഏതെന്ന് വ്യക്തമാക്കുന്ന മോട്ടോർ വാഹന ചട്ടം മന്ത്രിയുടെ വാദങ്ങളെ പൂർണമായും തള്ളുന്നതാണ്. സംഭവത്തിൽ കെ.എം. ഷാജിയുടേത് ഗൗരവമായ നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം രംഗത്തെത്തി. മന്ത്രിമാർക്ക് അസൈൻ ചെയ്ത വാഹനത്തിൽ മാത്രമേ സ്റ്റേറ്റ് ബോർഡ് ഉപയോഗിക്കാൻ പാടുള്ളൂവെന്ന് പി. രാജീവ് വ്യക്തമാക്കി.
ഹൈക്കോടതിയുടെ മുൻകാല സുപ്രധാന വിധികളും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ശബരിമല പാർക്കിങ്ങിൽ സ്റ്റേറ്റ് ബോർഡ് വെച്ച് സ്ഥലം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസ് ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൊതുമേഖല സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും വാഹനങ്ങളിൽ പോലും സ്റ്റേറ്റ് ബോർഡ് വെക്കാൻ കർശന നിയന്ത്രണങ്ങളുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “ഞാൻ ഇരിക്കുന്നിടമാണ് വാഹനം” എന്ന മന്ത്രിയുടെ വാദം നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണെന്നും, നിയമം അറിയില്ല എന്നത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രതിരോധമല്ലെന്നും പി. രാജീവ് തുറന്നടിച്ചു.



