പൊലീസും പേപ്പർലെസ് ആകുന്നു… കുറ്റപത്രവും അന്തിമ റിപ്പോർട്ടും ഇനി ഡിജിറ്റലാകും

തിരുവനന്തപുരം: ആധുനിക കാലത്തിനൊത്ത് പൊലീസും പേപ്പർലെസ് സംവിധാനത്തിലേക്ക് ചുവടുമാറ്റുന്നു. കുറ്റപത്രവും അന്തിമ റിപ്പോർട്ടുകളും പൂർണ്ണമായും ഡിജിറ്റലാക്കാനുള്ള നിർണ്ണായക തീരുമാനവുമായി പൊലീസ് ആസ്ഥാനം. എഡിജിപിമാരുടെ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
കേസുകളിലെ കുറ്റപത്രത്തിന്റെയും അന്തിമ റിപ്പോർട്ടിന്റെയും ഹാർഡ് കോപ്പികൾക്ക് പകരം ഡിജിറ്റൽ പകർപ്പുകൾ പ്രതികൾക്ക് നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള തുടർനടപടികൾ സ്വീകരിക്കാൻ എഡിജിപി എച്ച്ക്യുവിനെ ചുമതലപ്പെടുത്തി. നൂറുകണക്കിന് പേജുകൾ പ്രിന്റെടുത്ത് പ്രതികൾക്ക് നൽകുന്നതിന് പകരം, ഒറ്റക്ലിക്കിൽ റിപ്പോർട്ടുകൾ പ്രതികൾക്കും അഭിഭാഷകർക്കും കൈമാറാനാണ് ലക്ഷ്യമിടുന്നത്.
കൂടാതെ, പാസിംഗ് ഔട്ട് പരേഡുകൾ, പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനങ്ങൾ തുടങ്ങിയവയ്ക്കുള്ള ക്ഷണക്കത്തുകളും ഡിജിറ്റലാക്കാൻ ധാരണയായിട്ടുണ്ട്. ഗവർണർ, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി മറ്റ് മന്ത്രിമാർ തുടങ്ങിയ മുഖ്യാതിഥികൾക്കായി മാത്രം പേപ്പർ കത്തുകൾ നൽകിയാൽ മതിയാകും. വാട്സാപ്പ് പോലുള്ള ഡിജിറ്റൽ മാധ്യമങ്ങൾ സജീവമായ കാലത്ത് അമിത ചെലവും സമയവും കളഞ്ഞ് എന്തിന് പേപ്പർ കാർഡുകൾ ഉണ്ടാക്കണം എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. എല്ലാ യൂണിറ്റ് മേധാവികളും ഓഫീസുകളും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് പേപ്പർലെസ് യോഗങ്ങൾ നടത്തണമെന്നും യോഗത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.



