മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ സാമീപ്യം സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തൽ… മുഖ്യമന്ത്രിക്ക്…

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച് ഇന്റലിജൻസ് എഡിജിപി ഔദ്യോഗിക ഉത്തരവിറക്കി. പൊതുപരിപാടികളിലും യാത്രകളിലും മുഖ്യമന്ത്രിക്ക് മതിയായ പൊലീസ് വിന്യാസം നടത്തണമെന്നാണ് പുതിയ നിർദ്ദേശം. പൊതുപരിപാടികളിൽ പങ്കെടുക്കാൻ എത്തുമ്പോൾ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള അനിയന്ത്രിതമായ ജനക്കൂട്ടം മുഖ്യമന്ത്രിയെ സമീപിക്കുന്നതും ശരീരത്തിൽ സ്പർശിക്കത്തക്ക വിധം പെരുമാറുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഏറ്റവും ഉയർന്ന സുരക്ഷാ കാറ്റഗറിയിൽ ഉൾപ്പെട്ട മുഖ്യമന്ത്രിയുടെ പരിപാടികളിലും യാത്രകളിലും ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിസ്ഥലങ്ങളിലും യാത്രാവേളകളിലും ആവശ്യമായ പൊലീസ് വിന്യാസം ഉറപ്പാക്കണം. യൂണിഫോം ഡ്യൂട്ടിക്ക് പുറമേ മഫ്തി വേഷത്തിലും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാവശ്യമായ പൂർണ്ണ സുരക്ഷ ഒരുക്കണമെന്നും ഉത്തരവിലുണ്ട്. ഇക്കാര്യത്തിൽ ജില്ലാ പൊലീസ് മേധാവികൾ പ്രത്യേക ശ്രദ്ധ നൽകി മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം.



