പി ആന്റ് ടി ഫ്ലാറ്റ് വിവാദം: അധിക്ഷേപ പരാമർശം പിൻവലിച്ച് മുൻ എംഎൽഎ…

കൊച്ചി: മുണ്ടംവേലിയിലെ പി ആന്റ് ടി ഫ്ലാറ്റിലെ താമസക്കാർക്കെതിരെയുള്ള അധിക്ഷേപ പരാമർശം പിൻവലിക്കുന്നതായി മുൻ എംഎൽഎ കെ.ജെ. മാക്സി. തന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് പിൻവലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തന്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് പറഞ്ഞാൽ ഭയപ്പെടുന്നില്ലെന്നും കെ.ജെ. മാക്സി വ്യക്തമാക്കി. ഫ്ലാറ്റിലെ ശോച്യാവസ്ഥയിൽ പ്രതിഷേധം കടുപ്പിച്ച താമസക്കാർ അധിക്ഷേപ പരാമർശത്തിൽ ഇന്ന് അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു.
ഫ്ലാറ്റിന്റെ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് കെ.ജെ. മാക്സി പറഞ്ഞു. എൽഡിഎഫിനെ കുറ്റപ്പെടുത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും, അതിനെതിരെയാണ് താൻ പ്രതികരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. താമസക്കാർ അവരുടെ ആവശ്യത്തിനുവേണ്ടി സർക്കാരിനൊപ്പം നിന്നതാകുമെന്നും അതിൽ അവരെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരുടെ ഭാഗത്താണ് കുഴപ്പമുണ്ടായത് എന്ന് അന്വേഷിക്കണമെന്നും, പ്രശ്നം പരിഹരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടതെന്നും അല്ലാതെ ഫ്ലാറ്റ് പൊളിച്ചുകളയും എന്ന് പറഞ്ഞ് ആക്ഷേപിക്കരുതെന്നും മാക്സി ആവശ്യപ്പെട്ടു. ഫ്ലാറ്റ് പൊളിക്കുകയാണെങ്കിൽ താമസക്കാർക്ക് ബദൽ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



