പ്രിയദർശനി ബസിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവം… സസ്പെൻഷന് പിന്നാലെ കണ്ടക്ടർക്കെതിരെ…

കൊച്ചി: പറവൂരിൽ കെഎസ്ആർടിസി ‘പ്രിയദർശിനി’ ബസിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവത്തിൽ കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു. മോശമായി പെരുമാറിയതിനും അസഭ്യം പറഞ്ഞതിനുമാണ് പറവൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കുറ്റക്കാരനായ കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ഗുരുവായൂർ – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയുടെ ആർ.എസ്.എ 173 ‘പ്രിയദർശിനി’ ബസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശനിയാഴ്ച യാത്രയ്ക്കിടെ വിദ്യാർത്ഥിനി സീറോ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലെന്ന് കണ്ടക്ടർ പറയുകയായിരുന്നു. തുടർന്ന് “പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ല” എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അപമര്യാദയായി സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. യാത്രക്കാരിൽ ചിലരും തങ്ങളോട് കണ്ടക്ടർ മോശമായി പെരുമാറിയതായി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പറവൂർ പൊലീസിൽ പരാതി നൽകുകയും, പരാതിക്കാരിയെയും കണ്ടക്ടറെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ സംഭവം ശ്രദ്ധയിൽപ്പെട്ട കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് കെഎസ്ആർടിസി സിഎംഡിയുടെ നിർദ്ദേശപ്രകാരമാണ് കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.



