‘കെഎസ്ഇബിക്കാരാ ഞങ്ങളുടെ മൈനാ​ഗപ്പള്ളിയിൽ കറന്റ് ഇല്ല… ഇടിമിന്നൽ തീരെയില്ല, മഴയുമില്ല കാറ്റുമില്ല, എങ്കിലും കൊണ്ടുവായോ കറന്റ് ഒന്ന് കൊണ്ടുവായോ….’

കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ഇബിയെ ട്രോളി നിരവധി റീലുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
ആകാശത്ത് ഒരു ചെറിയ കറുത്ത മേഘം കണ്ടാൽ കെഎസ്ഇബി ജീവനക്കാർ ഓടിപ്പോയി മെയിൻ സ്വിച്ച് ഓഫ് ചെയ്യുമെന്നാണ് പൊതുവേയുള്ള ട്രോൾ. മഴ പെയ്യുന്നത് കാണാനല്ല, ലൈറ്റ് പോകുന്നത് കാണാനാണ് ഞങ്ങൾ കാത്തിരിക്കുന്നത് എന്ന മട്ടിലാണ് ട്രോളുകൾ പകുതിയും വരുന്നത്. ഇപ്പോഴിതാ ഇത്തരത്തിലൊരു റീൽ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

കാണുന്നവരെയെല്ലാം കുടുകുടെ ചിരിപ്പിക്കുകയാണ് ഈ റീൽ. കെഎസ്ഇബിയിലേക്ക് വിളിച്ച ഉടനെ ‘കെഎസ്ഇബിക്കാരാ ഞങ്ങളുടെ മൈനാ​ഗപ്പള്ളിയിൽ കറന്റ് ഇല്ല’… ഇടിമിന്നൽ തീരെയില്ല, മഴയുമില്ല കാറ്റുമില്ല, എങ്കിലും കൊണ്ടുവായോ കറന്റ് ഒന്ന് കൊണ്ടുവായോ…. എന്ന് ഒരു ഉപഭോക്താവ് പാടുന്നതാണ് റീൽ. റീലിപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്.

പാട്ടിനൊടുവിൽ കറന്റ് ഇപ്പോഴെങ്കിലും വരുമോ, കളി കണ്ടുകൊണ്ടിരിക്കുകയാണെന്നും വിളിച്ചയാൾ ചോദിക്കുന്നുണ്ട്. Hamara Life by Ajeena എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് റീൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഷമിച്ചിരിക്കുന്ന ഫ്രണ്ട്സിന് ഷെയർ ചെയ്യൂ എന്ന ക്യാപ്ഷനോടെയാണ് റീൽ പങ്കുവെച്ചിരിക്കുന്നത്.

സംസ്ഥാനത്ത് നിരന്തരം ഉണ്ടാകുന്ന വൈദ്യുതി തടസ്സത്തിലും അറിയിക്കാതെയുള്ള ലോഡ്‌ഷെഡിംഗിലും പ്രതിഷേധം വിവിധ ഭാ​ഗങ്ങളിൽ നിന്നും ഉയർന്ന് കൊണ്ടിരിക്കുകയാണ്. റീലിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘കെഎസ്ഇബി മാമൻ ചിരിച്ചു ചിരിച്ചു വടിയായെന്ന് തോന്നുന്നു’, ‘പറഞ്ഞിട്ട് കേട്ടില്ല, എന്നാൽ പാടി കേൾപ്പിക്കാം’ എന്ന് തുടങ്ങി നിരവധി കമന്റുകളോടെയാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

Related Articles

Back to top button