സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷണം പോയ തൊണ്ടിമുതൽ കണ്ടെത്തി

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷണം പോയ തൊണ്ടിമുതൽ കണ്ടെത്തി. പൊലീസ് സ്റ്റേഷന് സമീപത്തെ ഗോഡൗണിൽ നിന്നാണ് തൊണ്ടിമുതൽ കണ്ടെത്തിയത്. തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളാണ് കണ്ടെത്തിയത്.

കേസിലെ പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്ത് തന്നെയാണ് തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന സ്ഥലം പൊലീസിന് കാണിച്ചുനൽകിയതെന്നാണ് വിവരം. സ്റ്റേഷനിൽ കോടതി തൊണ്ടിമുതലായി സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുടെ ഏഴ് ചാക്കുകളാണ് കാണാതായത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സബിത്താണ് തൊണ്ടിമുതൽ സ്റ്റോർ റൂമിൽ നിന്ന് മാറ്റിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഒളിവിൽ പോയ സബിത്തിനെ എറണാകുളം കളമശേരിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തില്‍ ബത്തേരി ഡിവൈഎസ്പി അബ്ദുൽ കരീം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ പൊലീസ് മേധാവി ദേവമനോഹര്‍ സബിത്തിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.

Related Articles

Back to top button