പാചകവാതക കണക്ഷനിൽ വൻ മാറ്റം: 14.2 കിലോ സിലിൻഡർ ഇല്ല….

ഗാർഹിക പാചകവാതക കണക്ഷൻ എടുക്കാൻ ഒരുങ്ങുന്നവർക്ക് 14.2 കിലോ സിലിൻഡർ ഇനി പുതിയ കണക്ഷനായി ലഭിക്കില്ല. പകരം 10 കിലോയുടെ കോമ്പോസിറ്റ് സിലിൻഡർ കണക്ഷനാണ് എണ്ണക്കമ്പനികൾ നൽകുന്നത്. കഴിഞ്ഞ ആറുമാസമായി പുതിയ കണക്ഷനുകളിൽ ഈ മാറ്റം പ്രാബല്യത്തിലുണ്ട്
14.2 കിലോയുടെ സബ്സിഡിയുള്ള ഗാർഹിക സിലിൻഡറുകളുടെ പുതിയ കണക്ഷൻ അവസാനിപ്പിച്ചാണ് വ്യക്തിഗത ഉപയോഗത്തിനുള്ള 10 കിലോ കോമ്പോസിറ്റ് സിലിൻഡറുകളിലേക്ക് കമ്പനികൾ മാറുന്നത്. നിലവിലുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് പഴയ വ്യവസ്ഥകൾ പ്രകാരം സിലിൻഡർ റീഫിൽ ചെയ്യാനുള്ള സൗകര്യം തുടരും. എന്നാൽ പുതിയ കണക്ഷനിലേക്ക് മാറുന്നവർക്ക് സാമ്പത്തികമായി അധിക ബാധ്യതയുണ്ടാകുമെന്നാണ് ശ്രദ്ധിക്കേണ്ടത്.
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ‘എച്ച്.പി. നവ്യ’ പദ്ധതിയിലൂടെയാണ് പുതിയ കണക്ഷനോ കണക്ഷൻ മാറ്റമോ സാധ്യമാകുന്നത്. സർക്കാർ അംഗീകരിച്ച തിരിച്ചറിയൽ രേഖയും ഫോട്ടോയും ഉപയോഗിച്ച് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാം. ഒരു വിലാസത്തിൽ പരമാവധി രണ്ട് സിലിൻഡർ എന്ന നിയന്ത്രണവും പുതിയ സംവിധാനത്തിൽ ഇല്ല. കണക്ഷൻ എടുക്കുന്നതിനും റീഫിൽ ചെയ്യുന്നതിനുമിടയിൽ നിർബന്ധമായിരുന്ന ഇടവേളയും ഒഴിവാക്കിയിട്ടുണ്ട്.



