മഞ്ഞപ്പെട്ടിയിൽ വൻ മയക്ക് മരുന്ന് വേട്ട, 60 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

മഞ്ഞപ്പെട്ടിയിൽ വൻ മയക്ക് മരുന്ന് വേട്ട, 60 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. അസം നൗഗാവ് സ്വദേശികളായ അജ്ഹരുൽ ഇസ്ലാം (23), ഹരിക്കുൽ ഇസ്‌ലാം (30) എന്നിവരെയാണ് പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മഞ്ഞപ്പെട്ടിയിൽ ഇവർ താമസിക്കുന്ന വീട്ടിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുപോകുന്ന വഴിയാണ് ഇവരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 5 സോപ്പുപെട്ടി ബോക്സുകളിൽ ആക്കിയായിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്. ബാഗിൽ വസ്ത്രങ്ങൾക്ക് ഉള്ളിൽ ഒളിപ്പിച്ച നിലയിലും പാന്റിന്റെ പോക്കറ്റിൽ നിന്നുമാണ് ഹെറോയിൻ കണ്ടെത്തിയത്. മഞ്ഞപ്പെട്ടിയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് ഇവർ കുറച്ചുനാളുകളായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം ആണ് മയക്കുമരുന്ന് എത്തിച്ചിരുന്നെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഒരു ബോക്സ് ഒന്നര ലക്ഷം രൂപയ്ക്കാണ് വില്പന നടത്തിയിരുന്നെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഫോൺ മാർഗ്ഗമാണ് ഇവർ കച്ചവടം ഉറപ്പിച്ചിരുന്നത്. പെരുമ്പാവൂർ ഡി.വൈ.എസ്.പി എൻ. ബാബു കുട്ടൻ, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സി. ബിനു കുമാർ പെരുമ്പാവൂർ സി.ഐ ജി.പി മനുരാജ്, എസ്.എച്ച്.ഒ എ. അക്ഷയ് കുമാർ, എസ്.ഐ അർജുൻ, എ.എസ്.ഐ പി.എ, അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, ബെന്നി ഐസക്, റോബിൻ ജോയ്, ഇ.പി നോബിൾ, എം.ബി ജയന്തി,സന്ധ്യ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Back to top button