ഡൽഹിയിലെ വായുമലിനീകരണം : മോദി സർക്കാരിനെതിരെ ഖാർഗെ

രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമാകുന്നതിനിടെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മലിനീകരണ നിയന്ത്രണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പേരിനുമാത്രമുള്ള പ്രഖ്യാപനങ്ങളും പ്രചാരണങ്ങളുമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ശുദ്ധവായു ലഭിക്കുക എന്നത് ഓരോ പൗരന്റെയും മൗലികാവകാശമാണെന്നും സർക്കാരിന്റെ ഔദാര്യമായി അതിനെ കാണാനാകില്ലെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ ഖാർഗെ വ്യക്തമാക്കി. വായുമലിനീകരണത്തിന്റെ കാര്യത്തിൽ ഇന്ത്യ എങ്ങനെയാണ് ‘വിശ്വഗുരു’വായി മാറുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസത്തോടെയുള്ള ചോദ്യം. പൊള്ളയായ വാഗ്ദാനങ്ങളും പി.ആർ. പ്രചാരണങ്ങളും പരസ്പരം പഴിചാരലുകളും മാത്രമാണ് ബി.ജെ.പി. സർക്കാരിന്റെ പ്രവർത്തനരീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വായുമലിനീകരണത്തിന്റെ കണക്കുകളിൽ കൃത്രിമം കാണിക്കാൻ ശ്രമം നടക്കുന്നതായും ഖാർഗെ ആരോപിച്ചു. കഴിഞ്ഞ വർഷം വായുഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങൾക്ക് സമീപം വാട്ടർ ടാങ്കറുകൾ ഉപയോഗിച്ച് വെള്ളം തളിച്ച് മലിനീകരണ സൂചികയിലെ കണക്കുകൾ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. ഇത്തവണ മലിനീകരണം അതിന്റെ പാരമ്യത്തിലെത്തിയപ്പോൾ ഡൽഹിയിലെ 59 നിരീക്ഷണ കേന്ദ്രങ്ങളിൽ 36 എണ്ണത്തിലും പി.എം. 2.5 സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Back to top button