തിരുവനന്തപുരത്തെ മൃഗശാല ഇളമ്പ്രകോട്ടേക്ക് മാറ്റണം… സർക്കാരിനെ സമീപിച്ച്…

തിരുവനന്തപുരം: തിരുവനന്തപുരത്തെ മൃഗശാല ഇളമ്പ്രകോട് വനമേഖലയ്ക്ക് സമീപം സ്ഥാപിക്കണമെന്ന ആവശ്യവുമായി മടവൂർ ഗ്രാമപഞ്ചായത്ത് സർക്കാരിനെ സമീപിച്ചു. ഇളമ്പ്രകോട് സംരക്ഷിത വനമേഖലയെ ബനാർഹട്ട മാതൃകയിൽ വികസിപ്പിക്കുന്ന കാര്യം നേരത്തെ പരിഗണനയിലുണ്ടായിരുന്നുവെന്നും പഞ്ചായത്ത് ചൂണ്ടിക്കാട്ടുന്നു.
ജഡായുപാറയിലേക്ക് പോകുന്ന പ്രധാന പാതയ്ക്ക് സമീപമാണ് ഇളമ്പ്രകോട് മേഖല. ദേശീയപാതയുമായും സംസ്ഥാനപാതയുമായും അടുത്തും, താരതമ്യേന തിരക്ക് കുറഞ്ഞ മേഖലയുമാണിതെന്ന് പഞ്ചായത്ത് പറയുന്നു. മൃഗശാല മാറ്റവുമായി ബന്ധപ്പെട്ട് അനുകൂലിച്ചും എതിർത്തുമുള്ള വാദങ്ങൾ ശക്തമാകുന്നതിനിടെയാണ് മടവൂർ പഞ്ചായത്തിന്റെ പുതിയ ആവശ്യം. മൃഗശാലയ്ക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലാണ് ഇളമ്പ്രകോട് നിർദേശം മുന്നോട്ടുവന്നിരിക്കുന്നത്.



