അവസാനമായി നീലക്കുപ്പായത്തിൽ മെസ്സി… മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ…

അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറയുന്ന ലിയോണൽ മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്. ബ്യൂണസ് അയേഴ്സിലെ എസ്റ്റാഡിയോ മോണ്യുമെന്റലിൽ ആഫ്രിക്കൻ ടീമായ ബെനിനെതിരെയായിരിക്കും മെസ്സി അർജന്റീന ജഴ്സിയിൽ അവസാനമായി കളിക്കുകയെന്നാണ് റിപ്പോർട്ട്. ഇതിഹാസ നായകന് വീരോചിത യാത്രയയപ്പ് നൽകാനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ദേശീയ ടീം കരിയറിന് ശേഷം ആരാധകരോട് വിടപറയുന്ന മെസ്സിക്ക് അർഹിച്ച യാത്രയയപ്പ് നൽകണമെന്ന ഫെഡറേഷന്റെ ആവശ്യം താരം അംഗീകരിച്ചതായാണ് വിവരം.

ഒക്ടോബർ ആറിന് ബ്യൂണസ് അയേഴ്സ് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകും. വെള്ളയും നീലയും നിറങ്ങളിൽ ആരാധകർ മോണ്യുമെന്റൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുമ്പോൾ, ലോകഫുട്ബോളിലെ ഏറ്റവും വലിയ ഇതിഹാസങ്ങളിലൊരാളുടെ അവസാന അന്താരാഷ്ട്ര മത്സരത്തിന് സാക്ഷ്യം വഹിക്കാനുള്ള കാത്തിരിപ്പിലാകും ആരാധകർ. 2005ൽ അർജന്റീന ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച മെസ്സി 21 വർഷം നീണ്ട കരിയറിൽ 207 മത്സരങ്ങളിൽ നിന്ന് 125 ഗോളുകൾ നേടിയെന്നാണ് നൽകിയിരിക്കുന്ന കണക്കുകൾ. അർജന്റീനയ്ക്കായി ലോകകപ്പ്, രണ്ട് കോപ്പ അമേരിക്ക കിരീടങ്ങൾ, ഫിനാലിസിമ കിരീടം, ഒളിമ്പിക് മെഡൽ എന്നിവ സ്വന്തമാക്കിയ മെസ്സി ദേശീയ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായങ്ങളിലൊന്നായി മാറി.

രണ്ട് തവണ ഫിഫ ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരവും മെസ്സി സ്വന്തമാക്കി. ആരാധകർ കൊതിച്ച നേട്ടങ്ങളെല്ലാം ദേശീയ ടീമിനൊപ്പം സ്വന്തമാക്കിയ ശേഷമാണ് ലിയോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിടപറയുന്നത്. ഇനി തെളിയിക്കാനൊന്നുമില്ലാത്ത ഇതിഹാസം. അർജന്റീനയ്ക്ക് എല്ലാം സമ്മാനിച്ച നായകൻ. ലോകഫുട്ബോൾ കണ്ട ഏറ്റവും മഹത്തായ കരിയറുകളിലൊന്നിന് തിരശ്ശീല വീഴുമ്പോൾ, മെസ്സിയുടെ അവസാന നീലക്കുപ്പായ മത്സരത്തിനായി ഫുട്ബോൾ ലോകം കാത്തിരിക്കും.

Related Articles

Back to top button