കരുവാറ്റയിലെ 65കാരന്റെ കൊലപാതകം; പ്രതികളായ കുട്ടികളെ സംഭവസ്ഥലത്തും പൊതുഇടങ്ങളിലും..

ആലപ്പുഴ: കരുവാറ്റയിലെ 65കാരന്റെ കൊലപാതകക്കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കേസിൽ അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത പ്രതികളെ സംഭവസ്ഥലത്തും മറ്റ് പൊതുഇടങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിന് ഇനി തടസ്സമില്ല. കുട്ടികളെ പൊതുഇടങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകാൻ അനുമതി നൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. പൊതുഇടങ്ങളിൽ തെളിവെടുപ്പ് നടത്തുന്നതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി. കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കിയാകണം തെളിവെടുപ്പ് നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി.

മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും ഇടപെടൽ ഒഴിവാക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് നൽകിയ മാർഗനിർദേശങ്ങൾ മതിയായതാണെന്നും ഹൈക്കോടതി വിലയിരുത്തി. പ്രായപൂർത്തിയാകാത്ത പ്രതികളുടെ വ്യക്തിത്വവും സ്വകാര്യതയും സംരക്ഷിച്ചുകൊണ്ടായിരിക്കണം അന്വേഷണ നടപടികൾ മുന്നോട്ടുകൊണ്ടുപോകേണ്ടതെന്നും കോടതി വ്യക്തമാക്കി.

ആഗസ്റ്റ് 17നാണ് ആലപ്പുഴ കരുവാറ്റയിൽ 65കാരനെ വാടകവീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും പെർഫ്യൂം ഉൾപ്പെടെയുള്ള സാധനങ്ങളും നഷ്ടപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊച്ചുമകളുടെ നിർദേശപ്രകാരമാണ് ആൺസുഹൃത്തുക്കൾ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.

കേസിൽ അറസ്റ്റിലായ മൂന്ന് ആൺകുട്ടികൾ ആലപ്പുഴ മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലാണ് കഴിയുന്നത്. പെൺകുട്ടിയെ കോഴിക്കോട് സാമൂഹിക ക്ഷേമ വകുപ്പിന്റെ നിരീക്ഷണ കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. കുട്ടികൾ പ്രതികളായ കേസായതിനാൽ സാധാരണ ക്രിമിനൽ നടപടികളിൽനിന്ന് വ്യത്യസ്തമായ നിയമപരമായ സംരക്ഷണങ്ങളോടെയാണ് തുടർനടപടികൾ.

Related Articles

Back to top button