വയോധികയെ ഇറക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തു… ചോദ്യം ചെയ്ത ഭർത്താവിനെ കെഎസ്ആർടിസി ഡ്രൈവർ….

കൊല്ലം: കൊട്ടാരക്കരയിൽ കെഎസ്ആർടിസി ഡ്രൈവർ വയോധികനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതി. പെരിനാട് ഇടവട്ടത്ത് ചേരിയിൽ അപ്പുക്കുട്ടൻ പിള്ളയെ ചെരുപ്പൂരി അടിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി. ബുധനാഴ്ച ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. അപ്പുക്കുട്ടൻ പിള്ളയും ഭാര്യ രാധമ്മയും കൊട്ടാരക്കരയിൽ നിന്ന് മടങ്ങുകയായിരുന്നു. മാമൂട് ജംഗ്ഷനിൽ രാധമ്മ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ ഡ്രൈവർ വാഹനം മുന്നോട്ടെടുത്തതോടെ രാധമ്മ നിലത്തുവീണെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെയാണ് ഡ്രൈവർ അപ്പുക്കുട്ടൻ പിള്ളയോട് മോശമായി പെരുമാറിയതെന്നും കൈയേറ്റം ചെയ്യാൻ ശ്രമിച്ചതെന്നുമാണ് ആരോപണം. ചെരുപ്പൂരി അടിക്കാൻ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ അപ്പുക്കുട്ടൻ പിള്ള കുണ്ടറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



