108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും… മന്ത്രി ബിന്ദു കൃഷ്ണ..

തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കാൻ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ കീഴിൽ കോൺട്രാക്ടായി പ്രവർത്തിക്കുന്ന ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസിന്റെ നിയന്ത്രണത്തിലുള്ള മുഴുവൻ 108 ആംബുലൻസ് ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും.
സെക്രട്ടേറിയറ്റിൽ തൊഴിൽ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ തൊഴിലാളി സംഘടനാ പ്രതിനിധികളും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് അധികൃതരും സർവീസ് കോൺട്രാക്ടറായ ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസ് പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ബോണസ് വിഷയത്തിൽ സമവായത്തിലെത്തിയത്. ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ തൊഴിലാളി സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും ഒപ്പു വച്ചു



