കരുവാറ്റ കൊലപാതകം ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ..

ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു. കസ്റ്റഡി അപേക്ഷയിൽ പ്രോസിക്യൂഷൻ വാദം കേൾക്കുന്നതിനായി ഹർജി ഈ മാസം 19ലേക്കാണ് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് മാറ്റിയത്. കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ മുമ്പ് കസ്റ്റഡിയിൽ വിട്ട ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ആഗസ്റ്റ് 17നാണ് കരുവാറ്റയിൽ 65കാരനെ വാടക വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിനും പണത്തിനും പുറമേ പെർഫ്യൂം ഉൾപ്പടെയുള്ള വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. അന്വേഷണത്തിൽ കൊച്ചുമകളുടെ നിർദേശ പ്രകാരം ആൺസുഹൃത്തുകളാണ് കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. പെൺകുട്ടിക്ക് ഐ ഫോണും സുഹൃത്തുക്കൾക്ക് ആഢംബര ബൈക്കും വാങ്ങാനായിരുന്നു കൊലപാതകം. അറസ്റ്റിലായ ആൺകുട്ടികൾ ആലപ്പുഴ മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലും പെൺകുട്ടി സാമൂഹിക ക്ഷേമ വകുപ്പിൻ്റെ കോഴിക്കോട്ടെ നിരീക്ഷണ കേന്ദ്രത്തിലും കഴിയുകയാണ്.

Related Articles

Back to top button