അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിൽ മൂന്ന് പേർക്ക്…

കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ബിആർസി അധ്യാപികയായ മൂന്നാംപ്രതി കാവ്യ, നാലാംപ്രതി ആവള സ്വദേശി നീഷ്മ, അഞ്ചാംപ്രതി ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് വടകര എൻഡിപിഎസ് കോടതി തള്ളിയത്.
കേസിലെ രണ്ടാംപ്രതിയും അധ്യാപികയുമായ കീർത്തനയ്ക്ക് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ എട്ടിന് കീർത്തന ജയിൽ മോചിതയായി. വടകരയിലെ എംഡിഎംഎ വിൽപ്പനയും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ വയനാട് സ്വദേശിയായ ഷിന്റോയാണ് മുഖ്യപ്രതിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഷിന്റോയെ ഇതുവരെ പിടികൂടാനായിട്ടില്ല. സെപ്റ്റംബർ ഏഴിന് കേസിലെ അഞ്ചാംപ്രതി ജിജിൽ കുര്യാക്കോസിനെ കോടതി രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ജിജിലിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ആറുമാസത്തിനിടെ ഏകദേശം ഒരു കോടിയിലേറെ രൂപ എത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിലെ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവർ ജിജിലിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് ജിജിലിന്റെ അക്കൗണ്ടിൽ നിന്ന് വയനാട് സ്വദേശിയായ ഷിന്റോയുടെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറയുന്നു. സാമ്പത്തിക ഇടപാടുകളും ലഹരി വിൽപ്പനയുമായുള്ള ബന്ധവും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ ഷിന്റോയെ പിടികൂടുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്.



