‘ലക്ഷ്യം പിണറായിയും റിയാസും’… ഇഡിക്കെതിരെ എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അന്വേഷണം പിണറായി വിജയനിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നിലവിലെ ഭരണകക്ഷി നേതാക്കൾ ഉൾപ്പെടെ സിഎംആർഎല്ലിന് പണം നൽകിയവരുടെ പട്ടികയിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഭരണം മാറിയതോടെ യുഡിഎഫ് രാഷ്ട്രീയ പകപോക്കലിന് തയ്യാറാകുമെന്നും അതിന്റെ ഭാഗമായാണ് ഇഡി ഇപ്പോൾ രംഗത്തെത്തിയതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഇഡി നേരിട്ട് അന്വേഷണം ആവശ്യപ്പെട്ടാൽ കോടതി തള്ളുമെന്നതിനാലാണ് സർക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന് നഷ്ടവും പിണറായി വിജയന് നേട്ടവും ഉണ്ടാകുന്ന തരത്തിൽ യാതൊരു ഇടപാടും നടന്നിട്ടില്ലെന്നും അതിന് തെളിവൊന്നും ഒരു കോടതിയിലും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. വിജിലൻസ് തള്ളിയ കേസിൽ വളഞ്ഞ വഴിയിലൂടെയാണ് ഇപ്പോൾ ഇഡി എത്തിയിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കരുവന്നൂർ ബാങ്ക് കേസിൽ നേരിട്ട് ഉത്തരവാദികളായവരെ മാപ്പുസാക്ഷികളാക്കുകയും പാർട്ടി നേതാക്കളെ പ്രതികളാക്കുകയും ചെയ്തവരാണ് ഇഡിയെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ തലത്തിൽ സിഎംആർഎല്ലിന് യാതൊരു അനുകൂല്യവും നൽകിയിട്ടില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇഡി മുന്നോട്ടുപോകുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ‘ആദ്യം ലക്ഷ്യം പ്രഖ്യാപിക്കുക, പിന്നീട് കേസ് എടുക്കുക’ എന്നതാണ് കേന്ദ്ര ഏജൻസികളുടെ രീതിയെന്നും ഇവിടെ ലക്ഷ്യം പിണറായി വിജയനും മുഹമ്മദ് റിയാസുമാണെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം സംബന്ധിച്ച് യുഡിഎഫ് സർക്കാരിന് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. അരവിന്ദ് കെജ്രിവാളിനെ തെളിവുകളില്ലാതെ ജയിലിലടച്ചെന്ന ആരോപണം ഉന്നയിച്ച എം.വി. ഗോവിന്ദൻ, ഇത്തരം കേന്ദ്ര ഏജൻസി ഇടപെടലുകളെ ചെറുക്കുമെന്ന് കോൺഗ്രസ് കേന്ദ്രത്തിൽ സ്വീകരിച്ച നിലപാട് കേരളത്തിലും എങ്ങനെ നടപ്പാക്കുമെന്ന് നോക്കാമെന്നും പറഞ്ഞു. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ഉമ്മൻചാണ്ടി എന്നിവരുടെ പേരുകളും സിഎംആർഎൽ ഡയറിയിൽ ഉണ്ടായിരുന്നുവെന്നാണ് എം.വി. ഗോവിന്ദന്റെ ആരോപണം. കേസ് എടുത്താൽ അത് യുഡിഎഫ്–ബിജെപി ഡീൽ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാർട്ടിയുടെ മാർഗരേഖ കേന്ദ്ര കമ്മിറ്റി റിപ്പോർട്ടും ജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും പരിഗണിച്ചാണ് തയ്യാറാക്കിയതെന്നും സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്തെ ഫോൺ ചോർത്തൽ വിവാദത്തിന് വിപുലീകൃത സംസ്ഥാന സമിതിയുമായി ബന്ധമില്ലെന്നും പാർട്ടിക്ക് ഇക്കാര്യം അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



