മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി….

തിരുവനന്തപുരം: പാലാ എംഎല്‍എ മാണി സി കാപ്പനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ക്ക് പരാതി. മുംബൈ മലയാളിയായ ദിനേശ് മേനോനാണ് പരാതി നല്‍കിയത്. മാണി സി കാപ്പന്റെ അയോഗ്യത ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
സാമ്പത്തിക കുറ്റകൃത്യത്തില്‍ മാണി സി കാപ്പന്‍ കുറ്റക്കാരന്‍ എന്ന് മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. നാല് കേസുകളിലായി മൂന്നര വര്‍ഷം തടവും 5.30 കോടി രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിച്ചാല്‍ ജനപ്രതിനിധി അയോഗ്യനാക്കപ്പെടുമെന്നാണ് പരാതിക്കാരന്റെ വാദം. മാണി സി കാപ്പന്‍ ശിക്ഷിക്കപ്പെട്ട കേസിലെ പരാതിക്കാരനാണ് ദിനേശ് മേനോന്‍.



