കൂടത്തായി സ്കൂളിൽ റാഗിങ് പരാതി… നടപടിയില്ലെന്ന് ആരോപിച്ച് 80ഓളം വിദ്യാർഥികളെ….

കോഴിക്കോട്: കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിലെ റാഗിങ് കേസിൽ മതിയായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് വിദ്യാർഥികളെ സ്കൂളിലേക്ക് അയക്കാതെ രക്ഷിതാക്കളുടെ പ്രതിഷേധം. റാഗിങ്ങിനിരയായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മേപ്പള്ളി ഏരിയയിലെ ഏകദേശം 80ഓളം വിദ്യാർഥികളെയാണ് രക്ഷിതാക്കൾ ഇന്ന് സ്കൂളിൽ അയക്കാതിരുന്നത്. കുട്ടികളെ കൊണ്ടുപോകാനെത്തിയ സ്കൂൾ ബസിലെ ഡ്രൈവറുടെ കൈവശം പ്രതിഷേധത്തിന്റെ കാരണം വ്യക്തമാക്കുന്ന കത്ത് രക്ഷിതാക്കൾ ഒപ്പിട്ട് നൽകി. ഇത് പൊതുപ്രതിഷേധത്തിന്റെ ഭാഗമാണെന്ന് രക്ഷിതാക്കൾ അറിയിച്ചു.

റാഗിങ് ആരോപണം നേരിടുന്ന വിദ്യാർഥികൾക്കെതിരായ നടപടി സസ്പെൻഷനിൽ മാത്രം ഒതുക്കരുതെന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകി സ്കൂളിൽനിന്ന് പുറത്താക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. നേരത്തെയും ആരോപണവിധേയരായ വിദ്യാർഥികൾക്കെതിരെ പരാതികൾ ഉയർന്നിരുന്നുവെന്നാണ് രക്ഷിതാക്കളുടെ ആരോപണം. കുട്ടിയെ കോമ്പസ് ഉപയോഗിച്ച് കുത്തിയെന്ന പരാതി മുമ്പ് ഉയർന്നിരുന്നെങ്കിലും അത് ഒത്തുതീർപ്പാക്കിയെന്നാണ് അറിയാൻ കഴിഞ്ഞതെന്നും രക്ഷിതാക്കൾ പറഞ്ഞു. സംഭവത്തിൽ മാനേജ്മെന്റിനും പിടിഎയ്ക്കും അധ്യാപകർക്കും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

സ്കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കമാണ് പിന്നീട് റാഗിങ് പരാതിയിലേക്ക് നയിച്ചതെന്നാണ് വിവരം. ഡ്രസ് കോഡുമായി ബന്ധപ്പെട്ട വിഷയം അധ്യാപകരെ അറിയിക്കുമെന്ന് പറഞ്ഞതിനെ തുടർന്നാണ് തർക്കമുണ്ടായതെന്നും തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പത്താം ക്ലാസ് വിദ്യാർഥിനി വാഷ്‌റൂമിലേക്ക് കൊണ്ടുപോയി മർദിച്ചെന്നുമാണ് പരാതി. സംഭവത്തിൽ ആരോപണവിധേയരായ രണ്ട് വിദ്യാർഥികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ നടപടി പര്യാപ്തമല്ലെന്നാണ് പ്രതിഷേധിക്കുന്ന രക്ഷിതാക്കളുടെ നിലപാട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. വിദ്യാർഥികളുടെ സുരക്ഷയും സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിച്ചുവരുന്നതായാണ് വിവരം.

Related Articles

Back to top button