മാസപ്പടിക്കേസിൽ പിണറായിക്ക് ആശ്വാസം… വിജിലൻസ് അന്വേഷണം…

കൊച്ചി: സിഎംആർഎൽ മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പിണറായിക്കെതിരെ വിജിലൻസ് കേസെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. അന്വേഷണവും എഫ്ഐആറിലെ തുടർനടപടികളും നിർത്തിവയ്ക്കാനും കോടതി നിർദേശിച്ചു. നവംബർ 25ന് കേസിൽ വാദം തുടങ്ങും. സിംഗിൾ ബെഞ്ച് വിധിയിലെ നിയമപ്രശ്നങ്ങളാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുക. നാലാഴ്ചയ്ക്കകം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) വിജിലൻസും മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു.
നാലാഴ്ചയ്ക്കുശേഷം ഡിവിഷൻ ബെഞ്ച് വിശദമായ വാദം കേൾക്കും. സിംഗിൾ ബെഞ്ച് ഉത്തരവിൽ നിരവധി പിഴവുകളുണ്ടെന്നും ഉത്തരവ് സ്റ്റേ ചെയ്ത് അപ്പീൽ ഫയലിൽ സ്വീകരിക്കണമെന്നും പിണറായി വിജയനുവേണ്ടി ഹാജരായ അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര വാദിച്ചു. ഇഡിയിൽ നിന്ന് വിവരം ലഭിച്ചപ്പോൾ പ്രാഥമിക അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനിച്ചതെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് അന്വേഷണം തുടരുന്നതിനിടെ, രണ്ടുദിവസത്തിനകം ഹർജിക്കാരനായ കെ.എം. ഷാജഹാൻ കോടതിയെ സമീപിച്ചത് സിംഗിൾ ബെഞ്ചിന്റെ അപക്വമായ ഇടപെടലിലേക്കും പ്രതിസന്ധികളിലേക്കും നയിച്ചെന്നും അദ്ദേഹം വാദിച്ചു. ഇഡി നൽകിയ മുദ്രവച്ച കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചതിനെ സർക്കാരും ചോദ്യം ചെയ്തു.
എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഉത്തരവിനെ സർക്കാർ അംഗീകരിക്കുന്നില്ലെന്നും എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ തുടർ അന്വേഷണത്തിൽ ഇടപെടരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. ഇഡിയിൽ നിന്ന് ഒരു കത്ത് മാത്രമാണ് ലഭിച്ചതെന്നും അതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താനാണ് ശ്രമിച്ചതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. അതേസമയം, സുപ്രീംകോടതി അപ്പീൽ പരിഗണിക്കാൻ അനുമതി നൽകുക മാത്രമാണ് ചെയ്തതെന്നും ഇസിഐആറിനോ എഫ്ഐആറിനോ സ്റ്റേ അനുവദിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാരും ഇഡിയും ചൂണ്ടിക്കാട്ടി. സാമ്പത്തിക ഇടപാടുകളുടെ തെളിവുകളുള്ള ഡയറി അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ടെന്നും അതിൽ മുൻ മുഖ്യമന്ത്രിയുടെയും മുൻ മന്ത്രിയുടെ ഭാര്യയുടെയും പേരുകളുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.



