നെടുമ്പാശേരി അപകടം… സുഹൈലിനെതിരെ നിർണായക ശബ്ദരേഖ… ജാമ്യഹർജിയിൽ വിധി…

കൊച്ചി: എറണാകുളം നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ മുഖ്യപ്രതി സുഹൈൽ സജീവിന് കുരുക്കായി മൂന്നാംപ്രതി ജോയലിന്റെ ശബ്ദരേഖ. സുഹൈൽ അമിതമായി മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചെന്നും കാർ സ്കൂട്ടറിൽ ഇടിച്ചെന്നുമാണ് ശബ്ദരേഖയിലെ വെളിപ്പെടുത്തൽ. അപകടത്തിൽ മൂന്ന് പേർ മരിച്ചെന്നും തങ്ങൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നും ജോയൽ പറയുന്നുണ്ട്. അപകടസ്ഥലത്ത് നാട്ടുകാർ എത്തിയപ്പോൾ സുഹൈൽ ‘വാപ്പ നോക്കിക്കോളും’ എന്ന് പറഞ്ഞതായും ശബ്ദരേഖയിലുണ്ട്.
നിനവ് പറഞ്ഞതനുസരിച്ചാണ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതെന്നും ജോയൽ പറയുന്നുണ്ട്. നിർണായക ശബ്ദരേഖ പൊലീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി. ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പൊലീസിന്റെ ആവശ്യം. സുഹൈൽ സ്ഥിരമായി അമിതവേഗത്തിൽ വാഹനം ഓടിച്ചിരുന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അപകടത്തിന് മുൻപും പ്രതി റോഡിലൂടെ പലതവണ വാഹനം അമിതവേഗത്തിൽ ഓടിച്ചതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. അപകടത്തിന് പിന്നാലെ സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെയാണെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി. അതേസമയം, ബസ് ഡ്രൈവർ അമിതവേഗത്തിൽ പോകുന്നതിന് യാത്രക്കാർ ഉത്തരവാദികളാണോയെന്ന് കോടതി ചോദിച്ചു.
വാഹനത്തിലുണ്ടായിരുന്നവർ അമിതവേഗം ആസ്വദിച്ചവരാണെന്ന പ്രോസിക്യൂഷൻ വാദവും കോടതിയിൽ ഉയർന്നു. എഫ്.ഐ.ആറിൽ പ്രതികളുടെ പേര് ഉണ്ടായിരുന്നില്ലെന്നും തെളിവുകളില്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയതെന്നും പ്രതിഭാഗം വാദിച്ചു. സുഹൈലിന്റെ പേര് പരാമർശിക്കാതെയാണ് കുറ്റം ചുമത്തിയതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. മരിച്ച ഗോപികയുടെ കുടുംബവും ജാമ്യഹർജിയെ എതിർത്തു. സുഹൈൽ മുൻപും അപകടമുണ്ടാക്കിയിട്ടുണ്ടെന്നും അത് പിതാവ് ഒത്തുതീർപ്പാക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. പ്രതിക്ക് ഉന്നത സ്വാധീനമുണ്ടെന്നും ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കുടുംബം കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യഹർജിയിൽ മറ്റന്നാൾ കോടതി വിധി പറയും.




