നാരങ്ങാനത്ത് ബിജെപിക്ക് ഭരണം നഷ്ടം… സിപിഎം പിന്തുണയിൽ കോൺഗ്രസ്…

പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിൽ ഭരണമാറ്റം. കോൺഗ്രസ് സ്ഥാനാർഥിയെ സിപിഎം പിന്തുണച്ചതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു. ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഒരു സിപിഎം അംഗത്തിന്റെ പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർഥി വി.പി. മനോജ് കുമാർ വിജയിച്ചത്. നാരങ്ങാനം പഞ്ചായത്തിൽ കോൺഗ്രസിനും ബിജെപിക്കും ആറ് അംഗങ്ങൾ വീതവും സിപിഎമ്മിന് രണ്ട് അംഗങ്ങളുമാണുള്ളത്. തുല്യ അംഗബലത്തെ തുടർന്ന് നേരത്തെ നടന്ന നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്.

തുടർന്ന് ബിജെപിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് സിപിഎം പിന്തുണ നൽകി. ഇതോടെ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. ഇതിന് പിന്നാലെ കോൺഗ്രസ് വൈസ് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നു. എന്നാൽ സിപിഎം, കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നതോടെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഇതിനുശേഷമാണ് ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎം പിന്തുണ കോൺഗ്രസിന് ലഭിച്ചത്. ഒരു സിപിഎം അംഗം കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ചതോടെ വി.പി. മനോജ് കുമാർ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തുല്യ അംഗബലത്തിനിടയിൽ സിപിഎമ്മിന്റെ രണ്ട് അംഗങ്ങൾ നിർണായക ശക്തിയായിരുന്ന നാരങ്ങാനത്ത്, തുടർച്ചയായ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിലാണ് യുഡിഎഫ് ഭരണം പിടിച്ചെടുത്തത്.

Related Articles

Back to top button