അയോധ്യ സംഭാവനക്കൊള്ള…വാര്‍ത്ത പുറത്തെത്തിച്ച അഭിഷേക് ഉപാധ്യായയുടെ എക്സ് അക്കൗണ്ട് വിവരങ്ങള്‍ തേടി യുപി പൊലീസ്

ഉത്തർപ്രദേശ് സര്‍ക്കാരിനെതിരെ ഹര്‍ജിയുമായി അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ള പുറത്തെത്തിച്ച മാധ്യമപ്രവര്ത്തകന് അഭിഷേക് ഉപാധ്യായ വീണ്ടും സുപ്രീം കോടതിയില്‍. തന്റെ എക്സ് അക്കൗണ്ടുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ വിവരങ്ങള്‍ കൈമാറാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിനോട് ഗാസിയാബാദ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. നടപടി ഉടന്‍ സ്റ്റേ ചെയ്യുകയും റദ്ദാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്.
റോഡ് റേജ് സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ചോദ്യം ചെയ്ത് അദ്ദേഹം നേരത്തെ നല്‍കിയിരുന്ന റിട്ട് ഹര്‍ജി സുപ്രീം കോടതിയില്‍ പരിഗണനയിലിരിക്കെയാണ് പുതിയ അപേക്ഷ. ഗാസിയാബാദ് ക്രൈം ബ്രാഞ്ച് ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഓഗസ്റ്റ് 22ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 94 പ്രകാരം നല്കിയ നോട്ടീസാണ് അദ്ദേഹം ചോദ്യം ചെയ്തത്.



