‘30,000 വോട്ട് കൂടി’… കെ.കെ. രാഗേഷിന്റെ വാദം തെറ്റെന്ന് കണക്കുകൾ… വർധിച്ചത്…

കണ്ണൂർ: SIRന് പിന്നാലെ കണ്ണൂരിലെ തളിപ്പറമ്പിൽ 30,000ത്തിലേറെ വോട്ട് വർധിച്ചെന്ന സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ വാദം തെറ്റെന്ന് കണക്കുകൾ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ തളിപ്പറമ്പിലെ വോട്ടർമാരുടെ എണ്ണം വർധിച്ചത് ഏകദേശം 11,000 മാത്രമാണെന്നാണ് വ്യക്തമാകുന്നത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ ആകെ വോട്ടർമാരുടെ എണ്ണം 2,22,280 ആയിരുന്നു.
SIRന് ശേഷം നടന്ന 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് 2,33,210 ആയി. അതായത് രണ്ട് തിരഞ്ഞെടുപ്പുകൾക്കിടയിൽ ആകെ വർധന 10,930 വോട്ടർമാർ മാത്രം. ഇന്നലെ തളിപ്പറമ്പിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് കെ.കെ. രാഗേഷ് SIRന് ശേഷം മണ്ഡലത്തിൽ 30,000ത്തിലധികം വോട്ട് വർധിച്ചെന്ന കണക്ക് അവതരിപ്പിച്ചത്. ഇതിൽ 80 ശതമാനവും മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലാണ് വർധനയുണ്ടായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ അവകാശവാദവുമായി പൊരുത്തപ്പെടുന്ന കണക്കുകൾ ലഭിക്കുന്നില്ല. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെയും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലെയും വോട്ടർ പട്ടികയിലെ ആകെ കണക്കുകൾ തമ്മിലുള്ള വ്യത്യാസം 10,930 മാത്രമാണ്.



