‘അനില അങ്ങനെ ചെയ്യില്ല’… അമേരിക്കയിലെ ഇരട്ടക്കൊലയിൽ….

ഈരാറ്റുപേട്ട: ‘ബേബി ഡോക്ടറുടെയും ജോളി ചേച്ചിയുടെയും മകൾ അങ്ങനെ ചെയ്യില്ല…’ അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ഈരാറ്റുപേട്ട സ്വദേശിനി അനിലയെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് ഇതാണ്. തങ്ങളുടെ നാട്ടുകാരിയായ അനിലയാണ് കൂട്ടുകാരികളായ രണ്ട് യുവതികളെ കൊലപ്പെടുത്തിയതെന്ന് വിശ്വസിക്കാനാകാതെ ഞെട്ടലിലാണ് ഈരാറ്റുപേട്ടയ്ക്കടുത്ത തഴയ്ക്കവയൽ.
മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്–സുഷമ ദമ്പതികളുടെ മകൾ അഞ്ജന (35), തിരുവനന്തപുരം സ്വദേശിനിയും കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബ്ബിന്റെ ഭാര്യയുമായ ആനി (35) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നിലവ് പഞ്ചായത്തിലെ തഴയ്ക്കവയൽ സ്വദേശിനി മാറാമറ്റം വീട്ടിൽ അനിലയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനില കുറ്റം സമ്മതിച്ചതായാണ് വിവരം. അമേരിക്കയിലെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ വിഷാദമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ആക്രമണത്തിന്റെ യഥാർഥ കാരണം കൂടുതൽ ചോദ്യം ചെയ്യലിലൂടെയേ വ്യക്തമാകൂ. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് അനിലയുടെ ബന്ധുക്കളും നാട്ടുകാരും. അനിലയെക്കുറിച്ച് നാട്ടുകാർക്കും ബന്ധുക്കൾക്കും നല്ല അഭിപ്രായം മാത്രമാണുള്ളത്. ശാന്തസ്വഭാവക്കാരിയായിരുന്ന അനില എല്ലാവരോടും നല്ല രീതിയിലാണ് പെരുമാറിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. കുടുംബത്തെക്കുറിച്ചും നാട്ടിൽ മോശം അഭിപ്രായമില്ല.
സ്ഥലത്തെ അറിയപ്പെടുന്ന കുടുംബമാണ് അനിലയുടേത്. സാമ്പത്തികമായും വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഭരണങ്ങാനം എആർഎസ് കോളേജിലാണ് അനില പഠിച്ചത്. എഞ്ചിനിയറിങ് ബിരുദധാരിയായ അനില നാല് വർഷം മുമ്പാണ് അമേരിക്കയിലേക്ക് പോയത്. ഭർത്താവിനും കുഞ്ഞിനുമൊപ്പം അമേരിക്കയിൽ സന്തോഷകരമായ ജീവിതമായിരുന്നു അനിലയുടേതെന്നാണ് നാട്ടുകാരുടെ അറിവ്. രണ്ട് മാസമായി അനിലയുടെ മാതാപിതാക്കളും അമേരിക്കയിൽ ഇവർക്കൊപ്പമുണ്ടായിരുന്നു. സഹോദരൻ കാനഡയിലാണ് താമസം. അതിനാൽ നാട്ടിലെ വീട്ടിൽ നിലവിൽ ആരുമില്ല. അമേരിക്കയിലെ ജോലിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കുടുംബവുമായി അടുപ്പമുള്ളവർ പറയുന്നു. എന്നാൽ ജോലി നഷ്ടപ്പെട്ടതിന്റെ വിഷാദം ഇത്രയും വലിയൊരു കൃത്യത്തിലേക്ക് അനിലയെ നയിച്ചുവെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നാണ് അവരുടെ പ്രതികരണം. അനിലയും അഞ്ജനയും ആനിയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് സിനിമയ്ക്ക് പോയതും കഴിഞ്ഞ ആഴ്ച ഓണം ആഘോഷിച്ചതും മൂവരും ഒരുമിച്ചായിരുന്നു. എന്നാൽ ഒരൊറ്റ രാത്രിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു. സംഭവദിവസം ഫ്ലാറ്റിലായിരുന്ന അഞ്ജനയെ താഴേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് അനില കാറിടിച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം. തുടർന്ന് നിർത്താതെ പോയ കാർ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് തിരിച്ചറിഞ്ഞത്.
വിവരമറിഞ്ഞ അഞ്ജനയുടെ ഭർത്താവ് വിജീഷ്, ഇവരുടെ പൊതുസുഹൃത്തായ ആനിയുടെ ഭർത്താവ് ജേക്കബ്ബിനെ വിവരം അറിയിച്ചു. ജേക്കബ്ബ് ആനിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അദ്ദേഹം പൊലീസിൽ വിവരമറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെ ലിൻഡ വിസ്റ്റ സ്ട്രീറ്റിലെ 700 ബ്ലോക്കിലുള്ള വീട്ടിൽ പൊലീസ് എത്തി. ഇവിടെ നടത്തിയ പരിശോധനയിലാണ് കുത്തേറ്റ നിലയിൽ ആനിയുടെ മൃതദേഹം കണ്ടെത്തിയത്. അഞ്ജനയും സോഫ്റ്റ്‌വെയർ എൻജിനിയറായ ഭർത്താവ് വിജീഷും എട്ട് വർഷമായി കാലിഫോർണിയയിലാണ് താമസിക്കുന്നത്. അഞ്ജനയും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. വിജീഷ് വിലങ്ങന്നൂർ സ്വദേശിയാണ്.



