വിസി നിയമന തർക്കത്തിന് ഒത്തുതീർപ്പ്…

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ചാൻസലറും സംസ്ഥാന സർക്കാരും തമ്മിൽ ഒത്തുതീർപ്പ്. ചാൻസലറുടെ പ്രതിനിധിയും സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയും ഒപ്പിട്ട ഒത്തുതീർപ്പ് കരാർ സുപ്രീം കോടതിക്ക് കൈമാറി. കരാർ പ്രകാരം സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സിസ തോമസും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായി ഡോ. സജി ഗോപിനാഥും തുടരും. സർവകലാശാലാ നിയമങ്ങളിൽ യുജിസി ചട്ടങ്ങൾക്ക് അനുസൃതമായി ആവശ്യമായ ഭേദഗതികൾ വരുത്താൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കാനും ധാരണയായിട്ടുണ്ട്.
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുടെ മധ്യസ്ഥതയിലാണ് ഓഗസ്റ്റ് 17ന് കരാർ ഒപ്പിട്ടത്. ചാൻസലറുടെ പ്രതിനിധിയായി ഗവർണറുടെ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി അശ്വതി പി.യും സർക്കാരിന്റെ പ്രതിനിധിയായി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ എസ്.യും കരാറിൽ ഒപ്പുവച്ചു. ഒത്തുതീർപ്പ് കരാറിലെ പ്രധാന വ്യവസ്ഥകളിൽ ഒന്ന് നിലവിലെ രണ്ട് വൈസ് ചാൻസലർമാരുടെയും നിയമനം തുടരണമെന്നതാണ്. സാങ്കേതിക സർവകലാശാലയിൽ ഡോ. സിസ തോമസും ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സജി ഗോപിനാഥും വിസിയായി തുടരും. അതേസമയം, സർവകലാശാലാ നിയമങ്ങളിൽ യുജിസി ചട്ടങ്ങൾക്ക് അനുസൃതമായി ആവശ്യമായ ഭേദഗതികൾ വരുത്താൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചതായും കരാറിൽ വ്യക്തമാക്കുന്നു. എന്നാൽ കേസിൽ നേരത്തെ ഉന്നയിച്ച നിയമപരമായ പ്രശ്നങ്ങളും വാദങ്ങളും തുടരുമെന്ന വ്യവസ്ഥയും ഒത്തുതീർപ്പ് കരാറിലുണ്ട്.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായി ഡോ. സജി ഗോപിനാഥിനെയും ചാൻസലർ നേരത്തെ നിയമിച്ചിരുന്നു. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സുധാൻഷു ദുലിയ കമ്മീഷൻ തയ്യാറാക്കിയ പാനലിൽ നിന്നായിരുന്നു നിയമനം. ചാൻസലറും പിണറായി വിജയൻ സർക്കാരും തമ്മിൽ സമവായത്തിലെത്തിയതിനെ തുടർന്നായിരുന്നു നിയമന നടപടികൾ മുന്നോട്ടുപോയത്. എന്നാൽ വൈസ് ചാൻസലർ നിയമനത്തിൽ തീരുമാനമായിരുന്നെങ്കിലും കേസ് പൂർണമായി അവസാനിച്ചിരുന്നില്ല. ജസ്റ്റിസ് പർദിവാല അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ പരിഗണനയിലുണ്ടായിരുന്ന കേസിനിടെയാണ് ഇപ്പോൾ ചാൻസലറുടെ പ്രതിനിധിയും സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയും തമ്മിൽ ഔദ്യോഗികമായി ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടത്. രണ്ട് സർവകലാശാലകളിലെ വിസി നിയമനത്തിൽ നിലനിന്ന തർക്കത്തിന് പുതിയ ധാരണയിലൂടെ പരിഹാരമാകുമോയെന്നാണ് ഇനി സുപ്രീം കോടതിയുടെ നിലപാട് നിർണായകമാകുന്നത്.



