മ്യൂസിയം സ്റ്റേഷനിലെ വിവാദ ഓണാഘോഷത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇ.ഡി സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയായ സിപിഎം നേതാവ് ഐ.പി. ബിനു മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊലീസുകാരുടെ ഓണാഘോഷത്തിനിടെ ബിനു സ്റ്റേഷനു മുന്നിൽ ഊഞ്ഞാലാടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. ‘ഊഞ്ഞാൽ കണ്ടാൽ ഒന്ന് ആടിയില്ലെങ്കിൽ പിന്നെയെന്ത് ഓണം’ എന്ന കുറിപ്പോടെയാണ് ബിനു വിഡിയോ പങ്കുവച്ചത്.

സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി റാവഡ എ. ചന്ദ്രശേഖർ അന്വേഷണം പ്രഖ്യാപിച്ചു. ബിനുവടക്കം ഇ.ഡി ആക്രമണക്കേസിലെ ഇരുപതോളം പ്രതികൾ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്തതായാണ് വിവരം.

ഓണാഘോഷത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർ ഒരേ നിറത്തിലുള്ള ഷർട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്. സമാന നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ബിനുവും പരിപാടിക്കെത്തിയത്. പൊലീസുകാർ നഗരത്തിലെ ഒരു കടയിൽനിന്ന് വസ്ത്രങ്ങൾ വാങ്ങുന്നതിനൊപ്പം ബിനുവിനും വസ്ത്രം വാങ്ങിയെന്നാണ് വിവരം. സ്റ്റേഷനിലെ ഒരു കോൺസ്റ്റബിളാണ് വസ്ത്രം ബിനുവിന് കൈമാറിയതെന്നും റിപ്പോർട്ടിലുണ്ട്.

സ്റ്റേഷന്റെ ചുമതലയുള്ള ഇൻസ്പെക്ടറും സേനയിലെ ഇടതുസംഘടനാ നേതാവുമായ ആർ. പ്രശാന്തിന്റെ അറിവോടെയാണ് പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്തതെന്നാണ് സ്പെഷൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇ.ഡി ആക്രമണക്കേസിൽ സർക്കാർ നിയോഗിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥനായ പ്രശാന്തിനെ കഴിഞ്ഞ ദിവസം തൃശൂർ ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു. സ്റ്റേഷന്റെ ചുമതല ഒഴിയുന്നതിന് തൊട്ടുമുമ്പായിരുന്നു ഓണാഘോഷം.

മ്യൂസിയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഇ.ഡി ആക്രമണക്കേസിൽ ജയിലിലായിരുന്ന ബിനുവടക്കമുള്ള പ്രതികൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. എല്ലാ ശനിയാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പിടണമെന്നതാണ് ജാമ്യവ്യവസ്ഥ. ഇതിന്റെ ഭാഗമായി രാവിലെ സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷമാണ് പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്തതെന്നാണ് വിവരം.

പ്രതികൾക്ക് പൊലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതും പൊലീസുകാരുടെ വസ്ത്രത്തിനൊപ്പം പ്രതിക്കായി വസ്ത്രം വാങ്ങിനൽകിയതും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

Related Articles

Back to top button