കരുവാറ്റ സുജിത്ത് വധക്കേസ് –  ഒന്നാം പ്രതിക്ക് ജീവപര്യന്തവും പിഴയും, രണ്ടാം പ്രതിക്ക്…..

 കരുവാറ്റ കാരമുട്ട് വാലുചിറ വീട്ടില്‍ സുജിത്തിനെ (34) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി കരുവാറ്റ വാലുചിറ വീട്ടില്‍ രാജീവി (43)നെ  ഐ.പി.സി 302 പ്രകാരം ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ഐ.പി.സി. അഞ്ച് (എ), 27 വകുപ്പുകള്‍ പ്രകാരം ഏഴുവര്‍ഷം തടവും 25,000 രൂപ പിഴയും ഐ.പി.സി. 201, 34 പ്രകാരം മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷിച്ച് മാവേലിക്കര ജില്ലാ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി വി.ജി. ശ്രീദേവി ഉത്തരവായി. രണ്ടാം പ്രതി കരുവാറ്റ കുന്നേല്‍ തറയില്‍ പ്രഫുലേഷി (38) ന് ഐ.പി.സി. 201, 34 പ്രകാരം മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.  രാജീവ് രണ്ടു ലക്ഷം രൂപ പിഴ അടച്ചില്ലെങ്കില്‍ എട്ടുമാസം തടവും 25,000 രൂപ പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം തടവും പ്രഫുലേഷ് 25,000 രൂപ പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം തടവും അധികമായി അനുഭവിക്കണം. ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. രാജീവ് ഐ.പി.സി. അഞ്ച് (എ), 27,  201, 34 വകുപ്പുകള്‍ പ്രകാരമുള്ള 10 വര്‍ഷത്തെ ശിക്ഷ അനുഭവിച്ച ശേഷമാണ് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടതെന്നും ഉത്തരവിലുണ്ട്. പിഴത്തുകയില്‍ ഒരു ലക്ഷം രൂപ വീതം  സുജിത്തിന്റെ അച്ഛന്‍ പുഷ്പാംഗദനും അമ്മ ശോഭയ്ക്കും നല്‍കണം. സുജിത്തിന്റെ ആശ്രിതര്‍ക്ക് കേരള വിക്ടിം കോംപന്‍സേഷന്‍ സ്‌കീം പ്രകാരം നഷ്ടപരിഹാരം നല്‍കുവാനും നിര്‍ദ്ദേശമുണ്ട്.

ഒന്നാം പ്രതി രാജീവിന്റെ അമ്മാവന്റെ മകനാണ് കൊല്ലപ്പെട്ട സുജിത്ത്. പ്രതികള്‍ ഇരുവരും സുഹൃത്തുക്കളാണ്. 2017 മാര്‍ച്ച്  അഞ്ചിന് രാത്രി ഒന്‍പതോടെ കരുവാറ്റ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വാലുചിറ വീടിന് സമീപത്തുളള പാടത്ത് വെച്ചാണ് കൊലപാതകം നടന്നത്. രാജീവും പ്രഫലാഷും പാടത്തിരുന്ന് മദ്യപിക്കുന്നതിനെ സുജിത്ത് ചോദ്യം ചെയ്തിരുന്നു. തര്‍ക്കം കുടുംബസ്വത്ത് ഭാഗംവയ്ക്കുന്നതിലേക്ക് മാറുകയും പിന്നീട് വാളുമായെത്തിയ രാജീവ് സുജിത്തിനെ വെട്ടുകയുമായിരുന്നു. സുജിത്തിന്റെ അച്ഛന്‍ പുഷ്പാംഗദനെ രാജീവ് വെട്ടാന്‍ ശ്രമിച്ചത് തടഞ്ഞ സുജിത്തിന്റെ അമ്മ ശോഭയുടെ കൈപ്പത്തിക്ക് ഗുരുതര പരിക്കേറ്റു. വയറിന് ഗുരുതര പരിക്കേറ്റ സുജിത്തിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം രാവിലെ മരിക്കുകയായിരുന്നു.

സുജിത്തിന്റെ അച്ഛനമ്മമാരും മക്കളായ അര്‍ജുനും ആദിത്യനും സഹോദരി സുനിതയും അടുത്ത ബന്ധുക്കളും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. ഹരിപ്പാട് എസ്.ഐ ആയിരുന്ന എസ്.എസ.ബൈജു രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.ഐ ആയിരുന്ന ടി.മനോജാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ 32 സാക്ഷികളെയും 53 രേഖകളും പത്ത് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി മുന്‍ പ്രോസിക്യൂട്ടര്‍ പി.വി.സന്തോഷ്‌കുമാര്‍, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.സജികുമാര്‍ എന്നിവര്‍ ഹാജരായി. എ.എസ്.ഐ.ഡി.സിന്ധു, സി.പി.ഒമാരായ എസ്.അനീഷ്, സജികുമാര്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.

Related Articles

Back to top button